കൊച്ചി: നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയി പരിഗണിക്കുന്നതില്‍ നിന്നുമാണ് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറിയത്. മുമ്പ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന് മുമ്പാകെ എത്തിയത്.
കൗസര്‍ എടപ്പഗത്ത് ജില്ലാ ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാരന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതായി അതിജീവിത ആക്ഷേപം ഉയര്‍ത്തിയിരുന്നു. മെമ്മറി കാര്‍ഡ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ മൊഴിയും അന്ന് എടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയതെന്നാണ് വിവരം. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ ഉള്‍പ്പെടെ പുനരന്വേഷണം നടത്തണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരിക്കെ ഈ കേസ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് കേള്‍ക്കുന്നതില്‍ ചില ധാര്‍മിക പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസില്‍ മുന്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദ് ചെയ്തുകൊണ്ട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപൂീകരിച്ച് പുനരന്വേഷണം നടത്തണമെന്നുള്‍പ്പെടെയാണ് അതിജീവിതയുടെ ആവശ്യം. കേസിലെ നിര്‍ണായക മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ പുനരന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്. ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിജീവിത പറഞ്ഞിരുന്നു. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ വഴിയായിരുന്നു അതിജീവിത പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്. മെമ്മറി കാര്‍ഡിലെ നിയമവിരുദ്ധ പരിശോധന പുറത്തെത്തിച്ചത് റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു.
പീഡന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മെമ്മറി കാര്‍ഡില്‍ മൂന്ന് തവണയാണ് നിയമവിരുദ്ധ പരിശോധന നടന്നത്. 2018 ജനുവരി 9-ന് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റ് ആണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാര്‍ഡ് പരിശോധിച്ചത് രാത്രി 9.58-നാണെന്നും കണ്ടെത്തിയിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്ക് 2018 ഡിസംബര്‍ 13ന് മെമ്മറി കാര്‍ഡ് പരിശോധിച്ചു. ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹനാണ് നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ചത്. രാത്രി 10.58നാണ് മഹേഷ് മോഹന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ശിരസ്തദാര്‍ താജുദ്ദീന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മെമ്മറി കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് പാലിച്ചില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു.
