നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം. ഇതിനായി ക്രൈം ബ്രാഞ്ച് കോടതിയെ സമീപിക്കും. കോടതി അനുവദിച്ച സമയം അവസാനിച്ചുവെങ്കിലും പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം പറയുന്നു.
ദിലീപും അനൂപും സുരാജും നേരത്തെ ഉപയോഗിച്ചിരുന്ന ഫോണുകൾ ഇന്ന് ഹാജരാക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനെയും മറ്റ് നാല് പ്രതികളെയും മൂന്ന് ദിവസം ചോദ്യം ചെയ്യാനായിരുന്നു കോടതി അനുമതി നൽകിയത്. കോടതി അനുവദിച്ച സമയം അവസാനിച്ചുവെങ്കിലും പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.
അതേസമയം ദിലീപിന്റെ സഹോദരൻ അനൂപിനെയും ബാലചന്ദ്ര കുമാറിനെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്ന് ദിലീപിന്റെ കാര്യസ്ഥന്റെ മകൻ ദാസൻ നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ അനൂപും ബാലചന്ദ്ര കുമാറും തമ്മിൽ പരിചയം ഇല്ല എന്നാണ് അന്വേഷണസംഘത്തോട് ദിലീപ് പറഞ്ഞത്. ഇതിൽ വ്യക്തത വരുത്താൻ ദാസനെ ക്രൈംബ്രാഞ്ച് വീണ്ടും വിളിച്ച് വരുത്തും. വ്യാഴാഴ്ചയാണ് കേസിൽ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
പ്രതികൾ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം നടത്തിയെന്ന കാര്യം അന്വേഷണസംഘം കോടതിയെ അറിയിക്കും. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികൾ ഫോണുകൾ മാറ്റിയത് ഇതിന് വേണ്ടിയാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ദിലീപും അനൂപും ഉപയോഗിച്ചിരുന്ന രണ്ട് വീതം ഫോണുകളും സുരാജ് ഉപയോഗിച്ചിരുന്ന ഒരു ഫോണും ഇന്ന് തന്നെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ഈ ഫോണുകൾ കിട്ടിയാൽ നിർണായക വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിലെ പ്രതീക്ഷ. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ പരിശോധന റിപ്പോർട്ട് ഇന്നലെ വൈകുന്നേരത്തെടെയാണ് ലഭിച്ചത്. ഇതും വിശദമായി പരിശോധിച്ചശേഷമായിരിക്കും പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയാറാക്കുക.