കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ബംഗളൂരുവിലെ വ്യാപാരിയില്‍ നിന്ന് പണം നല്‍കാതെ ആറ് കാറുകള്‍ തട്ടിയെടുത്തുവെന്നതാണ് മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പുതിയ പരാതി. ക്രൈംബ്രാഞ്ച് ഈ കേസ് അന്വേഷിക്കും.
86 ലക്ഷം രൂപ വിലവരുന്ന ആറ് കാറുകളാണ് ബംഗളൂരുവിലെ വ്യാപാരിയില്‍ നിന്ന് മോന്‍സണ്‍ തട്ടിയെടുത്തത്. കോടീശ്വരനാണെന്ന് വിശ്വസിപ്പിച്ചാണ് വ്യാപാരിയില്‍ നിന്ന് കാറുകള്‍ വാങ്ങിയത്. എന്നാല്‍ പിന്നീട് പണം ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി വ്യാപാരി രംഗത്ത് വന്നത്.
കേരളത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതില്‍ വലിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. മോന്‍സണ്‍ കൈവശം വെച്ചിരുന്ന വാഹനങ്ങളില്‍ പലതും ഓടുന്നവയായിരുന്നില്ല. കോടീശ്വരനാണെന്ന് ഇടപാടുകാരെ വിശ്വസിപ്പിക്കാന്‍ വേണ്ടി മാത്രമാണ് വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നത്. പോക്‌സോ ഉള്‍പ്പെടെ നാല് കേസുകളില്‍ ഇതുവരെ മോന്‍സണെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം 14 ആയി. എല്ലാ കേസുകളും സംയോജിപ്പിച്ചാണ് അന്വേഷണം. ഇയാള്‍ക്ക് കൊച്ചിയിലും ചേര്‍ത്തലയിലുമായി 30ല്‍ അധികം ആഡംബര കാറുകളുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതില്‍പലതും രൂപമാറ്റം വരുത്തിയവയായിരുന്നു.
ബംഗളൂരുവിലെ വ്യാപാരിയെ പറ്റിച്ച കേസിലും കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. മറ്റ് കേസുകളില്‍ കൂടി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. മോന്‍സണ് എതിരായ കേസുകളില്‍ ഇ.ഡിയുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.