തോട്ടട ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. ഇവരുടെ അറസ്റ്റ് ഉടന്‍രേഖപ്പെടുത്തിയേക്കും.
പ്രതിയായ അക്ഷയിയെ പടക്കം വാങ്ങിയ താഴെചൊവ്വയിലെ ചൈനിസ് പടക്കകടയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നും പടക്കംവാങ്ങിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. തോട്ടടസ്ഫോടനത്തിന്റെ തെളിവായി നിര്‍ണായക തെളിവായി ചൊവ്വയില്‍ വന്നിറങ്ങുന്ന പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണത്തിന് ലഭിച്ചിട്ടുണ്ട്.
ബോംബുണ്ടാക്കാന്‍ പ്രതികള്‍ താഴെ ചൊവ്വയില്‍ നിന്നും പടക്കം വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. 4000 രൂപയുടെ പടക്കമാണ് വിവാഹ ആഘോഷങ്ങള്‍ക്കായി വാങ്ങിയത്. ഇതിലെ വെടിമരുന്നെടുത്ത് നാടന്‍ ബോംബുകള്‍ നിര്‍മിക്കുകയായിരുന്നു.
ഇത്തരത്തില്‍ ഉഗ്രശേഷിയുള്ള ബോംബ് പൊട്ടിയാണ് ജിഷ്ണു കൊല്ലപ്പെടുന്നത്. തോട്ടട കൊലപാതകത്തിന് കാരണമായ ബോംബ് തങ്ങള്‍ നിര്‍മിച്ചതാണെന്നു പോലീസിനോട് തെളിവെടുപ്പിനിടെ അറസ്റ്റിലായ പ്രതി അക്ഷയ് പറഞ്ഞിട്ടുണ്ട്.
തലേന്ന് ബോംബെറിയുന്നതിനായി ഏച്ചൂര്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ വച്ചു പരിശീലനം നടത്തിയതായും വിവാഹവീട്ടില്‍ നിന്നും തലേന്ന് തങ്ങളുമായി ഏറ്റുമുട്ടിയ തോട്ടടയിലെ സംഘത്തിനെതിരെ ബോംബെറിയാനാണ് നാല് നാടന്‍ ബോംബുകള്‍ കൊണ്ടുവന്നതെന്നും ഇയാള്‍ ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കിയിട്ടുണ്ട്. എടക്കാട് സി. ഐയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
അതേസമയം കേസില്‍ അറസ്റ്റിലായ അക്ഷയ് നിരപരാധിയാണെന്നും ഇയാളെ ബോധപൂര്‍വ്വം ഉള്‍പ്പെടുത്തി അറസ്റ്റു ചെയ്യിച്ചതാണെന്ന ആരോപണവുമായി അക്ഷയിയുടെ പിതാവ് രംഗത്തുവന്നു. പ്രാദേശിക സി.പി.എം നേതൃത്വത്തിനെതിരെയാണ് ഇദ്ദേഹം വിരല്‍ ചൂണ്ടുന്നത്.