കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിര്‍ഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നാദിര്‍ഷ.
കഴിഞ്ഞ ദിവസങ്ങളില്‍ നാദിര്‍ഷ നാട്ടിലില്ലായിരുന്നു. വിദേശത്ത് ആയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്. ഇതേ തുടര്‍ന്ന് നോട്ടീസ് അദ്ദേഹത്തിന്റെ വീട്ടില്‍ കൈമാറിയെന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചിരിക്കുന്നത്.
നാദിര്‍ഷയ്ക്ക് ഒപ്പം തന്നെ കാര്‍മല്‍ ഗ്രൂപ്പിന്റെ ഭാരവാഹികളില്‍പ്പെട്ട മറ്റൊരാളോടും ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നേരത്തേയും നാദിര്‍ഷയെ ചോദ്യം ചെയ്തിരുന്നു.
ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസങ്ങളില്‍ തന്നെയായിരുന്നു നേരത്തെ നാദിര്‍ഷയേയും ചോദ്യം ചെയ്തിരുന്നത്.
ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ദിലീപ് പ്രതിയായ പുതിയ കേസില്‍ നാദിര്‍ഷയ്ക്ക് ഏതെങ്കിലും തരത്തിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ദിലീപുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളെന്ന നിലയില്‍ നാദിര്‍ഷയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചിരിക്കുന്നത്.
നാദിര്‍ഷ സംവിധാന ചെയ്ത കേശു ഈ വീടിന്റെ നാഥനായിരുന്നു ദിലീപിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ ചിത്രീകരണ സമയത്തും മറ്റും കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങള്‍ നാദിര്‍ഷയില്‍ നിന്നും ചോദിച്ച് മനസ്സിലാക്കുക എന്ന ഉദ്ദേശം കൂടിയാണ് ക്രൈംബ്രാഞ്ച് മുന്നോട്ട് വെച്ചിരിക്കുന്നത്.