ജയ്പൂര്‍ : എല്ലാ എംഎല്‍എമാര്‍ക്കും സര്‍പ്രൈസ് സമ്മാനമായി ഒരുലക്ഷം രൂപയുടെ ഐഫോണ്‍ നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍. സര്‍ക്കാരിന്റെ ബഡ്ജറ്റ് അവതരണത്തിന് ശേഷമാണ് എല്ലാ എംഎല്‍എമാര്‍ക്കും അപ്രതീക്ഷിത സമ്മാനമായി ഐഫോണ്‍ നല്‍കിയത്.
എന്നാല്‍ പ്രതിപക്ഷം സമ്മാനം വേണ്ടെന്ന് വച്ചു. ഇത് സംസ്ഥാനത്തിന് സാമ്പത്തികഭാരം കൂട്ടുമെന്ന് കാട്ടിയാണ് സമ്മാനം നിഷേദിച്ചത്.
ബഡ്ജറ്റ് അവതരണത്തിന് ശേഷം 200 എംഎല്‍എമാര്‍ക്കും ഒരുലക്ഷത്തിനടുത്ത് വിലവരുന്ന ആപ്പിള്‍ ഐഫോണ്‍13 സമ്മാനമായി നല്‍കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തീരുമാനിക്കുകയായിരുന്നു. ഈ ഫോണുകള്‍ സാമ്പത്തിക ഞെരുക്കത്തിലായ സംസ്ഥാനത്തിന്റെ സാമ്പത്തികഭാരം വര്‍ദ്ധിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ബഡ്ജറ്റ് അവതരണത്തിന് ശേഷം അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ എല്ലാ എംഎല്‍എമാര്‍ക്കും നല്‍കിയത് ഐപാഡ് ആയിരുന്നു. അതേസമയം സംസ്ഥാന നിയമസഭ പേപ്പര്‍രഹിതമാക്കുന്നതിന്റെ ഭാഗമായാണ് ഐപാഡും സ്മാര്‍ട്ഫോണുമെല്ലാം നല്‍കിയതെന്ന് രാജസ്ഥാനിലെ മന്ത്രിയായ മഹേഷ് ജോഷി പറഞ്ഞു.
സഭാ നടപടികള്‍ പേപ്പര്‍രഹിതമാക്കാനാണ് വിലയേറിയ ഐപാഡും ഐഫോണും തന്നെ തന്നതെന്നും മന്ത്രി സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ചു. ഹൈടെക് ആകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ അഭിനന്ദിച്ചെങ്കിലും സാമ്പത്തിക പ്രയാസം നേരിടുമ്പോള്‍ ഇത്തരത്തില്‍ തുക ചിലവഴിക്കുന്നതിനെ ബിജെപി എംഎല്‍എ വാസുദേവ് ദേവ്നാനി വിമര്‍ശിച്ചു. 200 അംഗ നിയമസഭയില്‍ 71 അംഗങ്ങളാണ് ബിജെപിക്കുളളത്