കൊച്ചി: അമേരിക്കയ്ക്ക് റോക്കറ്റ് എൻജിനുകൾ നൽകുന്നത് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് നിർത്തിവച്ചു. ഏജൻസി തലവൻ ദ്മിത്രി റോഗൊസിൻ ആണ് ഇക്കാര്യം അറിയിച്ചത്.യുക്രൈൻ സൈനിക നടപടിയിൽ അമേരിക്കൻ ഉപരോധങ്ങൾക്ക് തിരിച്ചടിയുമായിട്ടാണ് റഷ്യയുടെ ഈ തീരുമാനം .ലോകത്തെ ഏറ്റവും മികച്ചവയായ ഞങ്ങളുടെ റോക്കറ്റ് എൻജിനുകൾ ഇത്തരം സാഹചര്യങ്ങളിൽ ഇനിയും അമേരിക്കയ്ക്ക് നൽകാനാകില്ല.
അവരിനി ചൂലോ വേറെ എന്തുവേണമെങ്കിലും ഉപയോഗിച്ച് പറന്നോട്ടെ. റഷ്യൻ സർക്കാർ ടെലിവിഷനോട് റോഗൊസിൻ പ്രതികരിച്ചു. നേരത്തെ അമേരിക്കയ്ക്ക് നൽകിയ റോക്കറ്റ് എൻജിനുകളുടെ സർവീസും നിർത്തിവയ്ക്കുമെന്ന് റോസ്‌കോസ്‌മോസ് തലവൻ അറിയിച്ചിട്ടുണ്ട്. റഷ്യയുടെ സാങ്കേതിക സഹായം കൂടാതെ പ്രവർത്തിക്കാനാകാത്ത 24 എൻജിനുകൾ ഇപ്പോൾ യു.എസിന്റെ കൈയിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
റഷ്യ സ്വന്തമായി വികസിപ്പിച്ച ആർ.ഡി-180 എൻജിനുകളാണ് ഇതുവരെ നാസയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. ലോകത്തെ തന്നെ ഏറ്റവും അത്യാധുനികമായ റോക്കറ്റ് എൻജിനാണിത്. 1990നുശേഷം 122 ആർ.ഡി-180 എൻജിനുകൾ റഷ്യയിൽനിന്ന് യു.എസ് വാങ്ങിയിട്ടുണ്ട്.
ഇതിൽ 98ഉം നാസയുടെ സുപ്രധാന ബഹിരാകാശദൗത്യ പേടകമായ അറ്റ്‌ലസിലാണ് ഉപയോഗിച്ചിരുന്നത്. ഫ്രഞ്ച് അധീനതയിലുള്ള ഗ്വിയാനയിലെ യൂറോപ്യൻ രാജ്യങ്ങളുടെ ബഹിരാകാശ താവളവുമായി സഹകരിക്കുന്നതും റഷ്യ നിർത്തിവച്ചിട്ടുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളുടെ ഉപരോധത്തിനു തിരിച്ചടിയായായിരുന്നു നടപടി. ഉപഗ്രഹങ്ങൾ സൈനിക ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് ബ്രിട്ടീഷ് ഉപഗ്രഹ കമ്പനിയായ വൺവെബിന് റഷ്യ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
യുക്രൈൻ സൈനികനടപടിയിൽ അന്താരാഷ്ട്ര ഉപരോധം തുടരുന്നതിനിടെ വിവിധ ലോകരാജ്യങ്ങളുടെ പതാക തങ്ങളുടെ റോക്കറ്റിൽനിന്ന് റഷ്യൻ ബഹിരാകാശ ഏജൻസി നീക്കി. ഏജൻസിയുടെ ഭീമൻ റോക്കറ്റിൽനിന്നാണ് യു.എസ്, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ പതാക നീക്കം ചെയ്തത്. എന്നാൽ, ഇന്ത്യയുടെ പതാക അവിടെ നിലനിർത്തുകയും ചെയ്തു.
ദക്ഷിണ കസഖിസ്താനിൽ സ്ഥിതിചെയ്യുന്ന റഷ്യയുടെ ഉടമസ്ഥതയിലുള്ള ബൈകൊനൂർ റോസ്‌കൊമോസ് ബഹിരാകാശ താവളത്തിലാണ് സംഭവം. ഒരുവശത്ത് യുക്രൈൻ വിഷയത്തിൽ ഉപരോധമടക്കമുള്ള നടപടികൾ സ്വീകരിച്ച രാജ്യങ്ങളോടുള്ള റഷ്യയുടെ പ്രതീകാത്മക പ്രതികരണമായിരുന്നു നടപടി. മറുവശത്ത് നിഷ്പക്ഷ നിലപാട് സ്വീകരിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് സൗഹൃദം തുടരുമെന്ന നിലപാട് പ്രഖ്യാപനം കൂടിയായാണ് നടപടി വിലയിരുത്തപ്പെടുന്നത്.
ചില രാജ്യങ്ങളുടെ പതാകകളില്ലാതെ തന്നെ കാണാൻ കൂടുതൽ ഭംഗിയുള്ളതിനാൽ ബൈകൊനൂറിലെ റോക്കറ്റുകളിൽനിന്ന് അവ നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് റോസ്‌കൊമോസ് ഡയരക്ടർ ജനറൽ ദ്മിത്രി ഒലെഗോവിച്ച് റോഗോസിൻ ട്വീറ്റ് ചെയ്തു. റോക്കറ്റിൽനിന്ന് തൊഴിലാളികൾ വിവിധ രാജ്യങ്ങളുടെ പതാകകൾ ഉരച്ചുകളയുന്നതിന്റെ വിഡിയോയും അദ്ദേഹം ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്. യുക്രൈൻ സൈനികനടപടിക്ക് പിന്നാലെ യു.എസ്, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ അടക്കമുള്ള നാറ്റോ രാജ്യങ്ങളും ജപ്പാൻ പോലുള്ള അമേരിക്കയുമായി സൗഹൃദമുള്ള രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക ഉപരോധത്തിനു പുറമെ കലാ, സാംസ്‌കാരികരംഗത്തും ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, റഷ്യൻ നടപടിയെ അപലപിച്ചുകൊണ്ട് യു.എൻ രക്ഷാസമിതിയിലും പൊതുസഭയിലുമെല്ലാം അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങൾക്കുമേലുള്ള വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിൽക്കുകയായിരുന്നു.