സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ ഇടപെടണമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാര്‍ഥികളെ സുരക്ഷിതമായെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പുടിന്‍ മോദിക്ക് ഉറപ്പ് നല്‍കി.
ടെലിഫോണിലൂടെ 50 മിനിറ്റ് നേരമാണ് ഇരുവരും സംസാരിച്ചത്. യുദ്ധം അവസാനിപ്പിക്കാനായി പുടിന്‍ യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയോട് നേരിട്ട് സംസാരിക്കണമെന്നും മോദി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. യുക്രൈനുമായി നടക്കുന്ന ചര്‍ച്ചകളുടെ വിവരം പുടിന്‍ മോദിയെ അറിയിക്കുകയും ചെയ്തു.
യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കിയുമായും മോദി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നല്‍കുന്ന സഹകരണത്തിന് നന്ദി പറഞ്ഞ മോദി സുമിയിലെ രക്ഷാദൗത്യത്തിന് പിന്തുണ വേണമെന്നും സെലന്‍സ്കിയോട് അഭ്യര്‍ഥിച്ചു. യുക്രൈനും റഷ്യയുമായുള്ള സമാധാന ചര്‍ച്ചയെയും മോദി അഭിനന്ദിച്ചു. 35 മിനിറ്റാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്.
അതേസമയം, ബെലാറൂസിലേക്കും റഷ്യയിലേക്കും മാത്രമായി തുറന്ന സുരക്ഷിത ഇടനാഴിവഴി രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്ന യുക്രൈന്‍ നിലപാടിനെ തുടര്‍ന്ന് സുമിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. ബസില്‍ കയറിയ വിദ്യാര്‍ഥികളെ തിരിച്ചിറക്കുകയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.