ആലുവ: അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. പ്രതി അസ്ഫാക് ആലം താമസിച്ച കെട്ടിടത്തിലും പെണ്‍കുട്ടിയുടെ വീട്ടിലും അതുപോലെ തന്നെ ആലുവ മാര്‍ക്കറ്റിലുമാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന ആലുവ മാര്‍ക്കറ്റിലും കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയ കടകളിലും ബീവറേജ് കടയിലടക്കം എട്ടിലധികം സ്ഥലത്താണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ആലുവ മാര്‍ക്കറ്റിലും തെളിവെടുപ്പ് നടത്തിയതന്ന്.
പ്രതിയുമായി വീട്ടിലെത്തിച്ചപ്പോള്‍ കുട്ടിയുടെ മാതാവും പിതാവും പ്രതിക്ക് നേരെ ആക്രോശിച്ച് പാഞ്ഞെടുത്തു. പിന്നാലെ പ്രതിക്ക് നേരെ കുട്ടിയുടെ പിതാവും രോഷത്തോടെ അടുത്തെത്തി.എന്നാല്‍ പൊലീസ് ഇടപെട്ടാണ് ഇവരെ തടഞ്ഞത്. പ്രതിയെ വീട്ടില്‍ നിന്ന് ഇറക്കിയപ്പോഴും കുട്ടിയുടെ പിതാവ് ഇയാള്‍ക്കെതിരെ പാഞ്ഞടുത്തിരുന്നു. ഏറെ വൈകാരികമായ രംഗങ്ങള്‍ക്കാണ് കുട്ടിയുടെ വീട്ടിലെ തെളിവെടുപ്പ് സാക്ഷ്യം വഹിച്ചത്. നാട്ടുകാരും ഇയാള്‍ക്കെതിരെ തിരിഞ്ഞിരുന്നു.എന്നാല്‍ കനത്ത പൊലീസ് സുരക്ഷയില്‍ ഇയാളെ വാഹനത്തില്‍ കയറ്റിയാണ് കൊണ്ടുപോയത്.