മാവടി: വെടിയുണ്ടകളുടെ ഭാഗം സണ്ണിയുടെ തലയ്ക്കുള്ളില്‍ നിന്നു പോസ്റ്റ്‌മോര്‍ട്ടത്തിലും കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 11.30നു വീട്ടിനുള്ളില്‍ വെടിയൊച്ച കേട്ടതോടെയാണു സണ്ണിയുടെ ഭാര്യയും മക്കളും ഓടിയെത്തിയത്. വെടിയേറ്റ് കട്ടിലില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു സണ്ണി. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. പിന്നാലെ നെടുങ്കണ്ടം പൊലീസുമെത്തി.
സണ്ണി കിടന്നുറങ്ങിയ മുറിയുടെ വാതിലില്‍ 5 സുഷിരങ്ങള്‍ കണ്ടെത്തി. നാടന്‍തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയുടെ അവശിഷ്ടങ്ങള്‍ മുറിക്കകത്തും കതകിലും കാണപ്പെട്ടു. നായാട്ടുസംഘങ്ങളെ പൊലീസ് സംശയിക്കാന്‍ ഇതായിരുന്നു കാരണം. മൃഗവേട്ട നടത്തുന്നതായി സംശയിക്കുന്ന ഒട്ടേറെപ്പേരെ പൊലീസ് നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്നു പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പ്രതിയായ സജിയിലേക്കെത്തിയത്.
ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചിരുന്ന സജിയെ തുടര്‍ന്നു കസ്റ്റഡിയിലെടുത്തു. സജിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു രണ്ടു പ്രതികളെയും ചോദ്യം ചെയ്തു. അവരും കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.