നടി ആക്രമിക്കപ്പെട്ട കേസില്‍ പുത്തൻ വഴിത്തിരിവ്. തുടരന്വേഷണം തടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ നടിയും കോടതിയില്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചില കാര്യങ്ങള്‍കൂടി അന്വേഷിക്കാനുണ്ടെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടതും ഒരു മാസത്തെ സമയം അനുവദിച്ചതും.
എന്നാല്‍ വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് തുടന്വേഷണമെന്നും പുതിയ അന്വേഷണം തടഞ്ഞ് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. ഈ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് നടിയുടെ നീക്കം.
സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തല്‍ ദിലീപിനെതിരെയായിരുന്നു. ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധമുണ്ടെന്നും നടി ആക്രമിക്കപ്പെടുന്ന വീഡിയോ ദിലീപിന്റെ വീട്ടില്‍വച്ച് കണ്ടുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍.
പള്‍സര്‍ സുനിയുടെ അമ്മയും ദിലീപിനെതിരെ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. സുനിയുടെ കത്ത് അവര്‍ പുറത്തുവിടുകയും ചെയ്തിരുന്നു. കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ പശ്ചാചത്തലത്തില്‍ ഇക്കാര്യങ്ങള്‍ കൂടി അന്വേഷിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
അന്വേഷണ സംഘം കോടതിയില്‍ സമയം തേടിയിരുന്നു. ആദ്യം ജനുവരി 20 വരെ വിചാരണ കോടതി സമയം നല്‍കി. ആറ് മാസത്തെ സമയം വേണമെന്ന് പിന്നീട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മാസം സമയം നല്‍കുകയാണ് കോടതി ചെയ്തത്.
മാര്‍ച്ച് ഒന്നിന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വിചാരണ കോടതി നല്‍കിയിരിക്കുന്ന ഒടുവിലെ നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്നും വിചാരണ പൂര്‍ത്തിയാകാനായ ഘട്ടത്തില്‍ തുടരന്വേഷണം ആവശ്യപ്പെടുന്നത് നടപടികള്‍ വൈകിപ്പിക്കാന്‍ വേണ്ടിയാണെന്നും ദിലീപ് ബോധിപ്പിച്ചു.
തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ആക്രമിക്കപ്പെട്ട നടി കോടതിയിലെത്തിയത്. കേസില്‍ കക്ഷി ചേരണമെന്നായിരുന്നു നടിയുടെ ആവശ്യം.
തുടരന്വേഷണം വേണമെന്നും പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പരിശോധിക്കണമെന്നും നടി ആവശ്യപ്പെട്ടു. ദിലീപിന്റെ ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് കോടതി തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും നടി ബോധിപ്പിച്ചു. ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.
കേസ് തിങ്കളാഴ്ചത്തേത്ത് മാറ്റി വയ്ക്കുകയാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്. നടിയുടെ അഭിപ്രായം അടുത്ത വാദം കേള്‍ക്കുന്ന വേളയില്‍ കോടതിയില്‍ ബോധിപ്പിക്കും. ദിലീപിന് തിരിച്ചടിയാണ് നടിയുടെ നീക്കം.
തുടരന്വേഷണം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചാല്‍ വിചാരണ തീരാന്‍ ഇനിയും സമയമെടുക്കും. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വളരെ നേരത്തെ തീരേണ്ടതാണ്. എന്നാല്‍ പ്രതികള്‍ തുടര്‍ച്ചയായി പലവിധ ആവശ്യങ്ങള്‍ ഉന്നയിച്ചതാണ് വിചാരണ തുടങ്ങാന്‍ വൈകിയതിന് ഒരു കാരണം. വിചാരണക്കിടെ പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചതും വിചാരണ നീളാന്‍ കാരണമായി.