പത്തനംതിട്ട : നിയമന കോഴയുമായി ഒരു ബന്ധവുമില്ലെന്ന് പിടിയിലായ മുഖ്യപ്രതി അഖില്‍ സജീവ്. പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ല. പണം തട്ടിയത് ബാസിത്, റഹീസ് എന്നിവര്‍ അടങ്ങിയ സംഘമാണെന്നാണ് അഖില്‍ സജീവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അഖില്‍ സജീവിനെ പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തേനിയില്‍ നിന്നാണ് പിടികൂടിയത്. പത്തനംതിട്ട സ്റ്റേഷനില്‍ 2021ല്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമന കോഴക്കേസില്‍ തിരുവനന്തപുരം കണ്ടോന്‍മെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ടയിലെ കേസില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമാകും തിരുവനന്തപുരം കണ്ടോന്‍മെന്റ് പൊലീസ് അഖില്‍ സജീവിനെ കസ്റ്റഡിയില്‍ വാങ്ങുക.