ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആള്‍ക്കൂട്ടക്കൊലയില്‍ പ്രായപൂര്‍ത്തിയാവത്ത ഒരാളുള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. മോഷണക്കുറ്റം ആരോപിച്ച് 26കാരനായ ഐസര്‍ അഹമ്മദ് എന്ന യുവാവിനെ ചൊവ്വാഴ്ചയാണ് അടിച്ച് കൊന്നത്. മരിച്ച യുവാവ് മാനസിക വെല്ലുവിളി നേരിട്ടിരുന്നതായും പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. യുവാവിന്റെ അച്ഛന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് പേരാണ് പ്രതികള്‍. കമല്‍, മനോജ്, പപ്പു, കിഷന്‍, ലക്കി, യൂനസ് എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളും പ്രതികളില്‍ ഉള്‍പ്പെടുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കൊല്ലപ്പെട്ട യുവാവ്. അതുകൊണ്ട് തന്നെ മോഷണക്കുറ്റം ആരോപിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഇയാള്‍ക്ക് കൃത്യമായി ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് പൊലീസ് പറയുന്നു. വൈദ്യുത തൂണില്‍ കെട്ടിയിട്ട് അടിക്കുകയായിരുന്നു. പിന്നീട് അയല്‍വാസിയുടെ സഹായത്തോടെയാണ് ഇയാളെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്. കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ മരണപ്പെടുകയായിരുന്നു.