ലക്‌നൗ : സമാജ് വാദി പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗിന്റെ മരുമകൾ ബിജെപിയിൽ ചേർന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കി കൊണ്ട് മുലായം സിംഗ് യാദവിന്റെ ഇളയ മകൻ പ്രതീകിന്റെ ഭാര്യ അപർണ യാദവാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിംഗ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഇവർ പാർട്ടി പ്രവേശനം നടത്തിയത്.
ഇന്ന് രാവിലെയാണ് ബിജെപിയിൽ ചേരാൻ അപർണ ഡൽഹിയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്കുള്ള അപർണ യാദവിന്റെ ചേക്കേറൽ സമാജ്‌വാദി പാർട്ടിക്ക് ക്ഷീണമാണ്.
ഇതുവരെ വിഷയത്തിൽ അഖിലേഷ് യാദവ് ഇതിൽ പ്രതികരിച്ചിട്ടില്ല. 2017ൽ നടന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ എസ്പി സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് അപർണ യാദവ്.
എന്നാൽ ബിജെപിയുടെ റിത ബഹുഗുണയോട് 33,796 വോട്ടുകൾക്ക് പരാജയപ്പെട്ടു. എന്നാൽ പിന്നീട് പലതവണ ബിജെപിയെ പരസ്യമായി പിന്തുണച്ച് അപർണ യാദവ് രംഗത്തെത്തിയിട്ടുണ്ട്.