വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമറെയും സുരക്ഷിതമായി തിരിച്ചെത്തിക്കും .ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനെയും ബുച്ച് വില്‍മറിനെയും തിരികെയെത്തിക്കുന്ന ദൗത്യവുമായി സ്‌പേസ് എക്‌സ് വിക്ഷേപിച്ച ക്രൂ 9 പേടകം പരിക്രമണ ലബോറട്ടറിയില്‍ സുരക്ഷിതമായി ഇറങ്ങി. ശനിയാഴ്ച ഫ്‌ളോറിഡയിലെ കേപ് കനാവെറലില്‍ വെച്ചാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഏകദേശം ഉച്ചയ്ക്ക് 1:17 മണിയോടെ പേടകം വിക്ഷേപിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പേടകം ബഹിരാകാശ നിലയത്തിലെത്തിയത്.
നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക്ക് ഹേഗ്, റഷ്യന്‍ റോസ്‌കോസ്‌മോസ് സഞ്ചാരിയായ അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരാണ് അഞ്ച് മാസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയത്. ഡോക്കിങ് പൂര്‍ണമായതിന് ശേഷം ഇരുവരും ഏഴ് മണിക്ക് ബഹിരാകാശ നിലയത്തിലുള്ള യാത്രികരെ ആലിംഗനം ചെയ്ത് കൊണ്ട് നിലയത്തിലേക്ക് പ്രവേശിച്ചു.
നേരത്തെ നാല് സഞ്ചാരികളെ ക്രൂ 9 ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ സറ്റാര്‍ലൈനര്‍ സഞ്ചാരികളെ തിരികെ എത്തിക്കേണ്ടതിനാല്‍ രണ്ട് പേരെ ഒഴിവാക്കുകയായിരുന്നു. ദൗത്യം അടുത്ത ഫെബ്രുവരിയില്‍ പൂര്‍ണമാകും. ഫെബ്രുവരിയില്‍ ഇരുവരെയും ഭൂമിയിലെത്തിക്കാനാണ് പദ്ധതി. സുനിതയും ബുച്ച് വില്‍മറും സഞ്ചരിച്ച ബോയിങ് സ്റ്റാര്‍ലൈനറെന്ന ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക തകരാറുകള്‍ കാരണമാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങാനാകാതെ കുടുങ്ങിയത്.
നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായാണ് സ്റ്റാര്‌ലൈനര്‍ വിക്ഷേപണം നടത്തിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ലൈനര് എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് നാസയുമായി ചേര്‍ന്നുളള പരീക്ഷണം. നാസയുടെ ഈ ദൗത്യത്തിന് പേര് നല്കിയിരുന്നത് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് എന്നാണ്. ലോകമെമ്പാടുമുള്ള വിമാനങ്ങള്‍, റോട്ടര്‍ക്രാഫ്റ്റുകള്‍ റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിവ രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന അമേരിക്കന്‍ ആസ്ഥാനമായ ബഹുരാഷ്ട്ര കോര്‍പറേഷനാണ് ബോയിങ് കമ്പനി.