തിരുവനന്തപുരം : ഏറെ വിവാദമായ സിപിഎമ്മിന്റെ മെഗാ തിരുവാതിരയ്ക്കെതിരെ ഒടുവിൽ നടപടി. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിരക്കെതിരെയാണ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പോലീസ് കേസെടുത്തത്. സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പൊതുപരിപാടിയില്‍ 150 പേരില്‍ കൂടുതൽ പങ്കെടുക്കരുതെന്ന സര്‍ക്കാര്‍ നിയന്ത്രണം നിലനില്‍ക്കെയായിരുന്നു സിപിഎമ്മിന്റെ മെഗാ തിരുവാതിര. സംഭവം വിവാദമായതോടെയാണ് പാറശാല പോലീസ് കേസെടുത്തത്.
പാറശ്ശാലയിൽ തുടങ്ങാനിരിക്കുന്ന സിപിഎം ജില്ലാസമ്മേളനത്തിന്റെ ഭാഗമായിട്ടാണ് തിരുവാതിര നടന്നത്. ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മെഗാ തിരുവാതിര നടന്നത്. പാറശ്ശാലയിലെ ചെറുവാരക്കോണം സിഎസ്ഐ പള്ളി മൈതാനത്ത് നടന്ന പരിപാടിയിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎൽഎ സി.കെ ഹരീന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍ രതീന്ദ്രന്‍, പുത്തന്‍കട വിജയന്‍ എന്നിവര്‍ അടക്കമുള്ള നേതാക്കളും പരിപാടിക്ക് എത്തിയിരുന്നു. 502 പേർ പങ്കെടുത്ത തിരുവാതിരയ്ക്ക് നിരവധി കാണികളും എത്തിയതോടെ വലിയ ആൾക്കൂട്ടമാണ് ഇവിടെ രൂപപ്പെട്ടത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന്റെ ഇടപെടലും സ്ഥലത്ത് ഇല്ലായിരുന്നു. നിലവിൽ മരണാനന്തര, വിവാഹ ചടങ്ങുകളില്‍ പോലും 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. ഈ സാഹചര്യത്തിൽ 500 പേരിലധികം പങ്കെടുപ്പിച്ച് കൊണ്ട് മെഗാ തിരുവാതിര നടത്തിയതാണ് വിവാദമായിതീർന്നത്.
അതേസമയം മെഗാ തിരുവാതിരക്കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കെ എസ് യു പ്രവർത്തകർ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ വിലാപയാത്രയുടെ ദിവസം തന്നെ നടന്ന മെഗാ തിരുവാതിരയോട് പാർട്ടിയ്ക്കുള്ളിൽ തന്നെ എതിർപ്പുകൾ ഉയർന്ന കഴിഞ്ഞു. സോഷ്യൽ മീഡിയയിലുടനീളം നിരവധിപ്പേരാണ് അനവസരത്തിൽ നടന്ന മെഗാ തിരുവാതിരക്കളിയോട് വിയോജിപ്പ് രേഖപ്പെടുത്തിയത്.