ഹൈക്കോടതി നിർദേശപ്രകാരം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “ചുരുളി” കണ്ട് പോലീസ്. എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ചിത്രം കണ്ടത്. ചുരുളിയിലെ ഭാഷ പ്രയോഗങ്ങൾ അതിരുകടന്നതെന്ന് ആരോപിച്ചുള്ള പരാതി പരിഗണിക്കവെയാണ് ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി പോലീസിന് നിർദ്ദേശം നൽകിയത്. ഒടിടി റിലീസിന് പിന്നാലെയാണ് ചുരുളിക്കെതിരെ വിമർശനങ്ങൾ ഉയർന്നത്. ചിത്രം ഒടിടി പ്ലാറ്റ് ഫോമിൽ നിന്നും പിൻവലിക്കണമെന്നാണ് തൃശൂർ സ്വദേശിയായ ഹർജിക്കാരന്റെ ആവശ്യം.
ചുരുളിയിലെ ഭാഷാ പ്രയോഗങ്ങൾ ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്നാണ് എഡിജിപി പത്മകുമാർ പറയുന്നത്. സിനിമയിലെ ഭാഷാപ്രയോഗം സന്ദർഭത്തിന് യോജിച്ചതാണെന്നാണ് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിഗണന നൽകുമെന്നും എഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സിനിമ പ്രേമിയെന്ന നിലയിൽ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ലെന്നും എഡിജിപി പറഞ്ഞു. എഡിജിപി പത്മകുമാറിനെ കൂടാതെ എസ് പിമാരായ ദിവ്യ ഗോപിനാഥ്, എ നസീം എന്നിവരും പ്രത്യേക അന്വേഷണസംഘത്തിലുണ്ട്. അന്വേഷണ സംഘം രണ്ടാഴ്ചക്കകം വിശദമായ റിപ്പോർട്ട് കോടതിയ്ക്ക് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയാകും അന്തിമ തീരുമാനമെടുക്കുക.