യമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ഡല്‍ഹി ഹൈക്കോടതിയില്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
നിമിഷപ്രിയയുടെ വധ ശിക്ഷ ഒഴിവാക്കുന്നതിന് യമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2017ല്‍ യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധ ശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ നല്‍കിയ ഹര്‍ജി യമനിലെ അപ്പീല്‍ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അപ്പീല്‍ കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കുമെങ്കിലും അതില്‍ വലിയ പ്രതീക്ഷ നിയമ വിദഗ്ധര്‍ കാണുന്നില്ല. കൊല്ലപ്പെട്ട യമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് ബ്ലഡ് മണി നല്‍കി വധശിക്ഷയില്‍നിന്ന് ഒഴിവാക്കുക എന്നതാണ് രണ്ടാമത്തെ സാധ്യത.
എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് 2016 മുതല്‍ യമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്കുണ്ട്. അതിനാല്‍ നിമിഷപ്രിയയുടെ ബന്ധുക്കള്‍ക്കോ അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ക്കോ യമനിലേക്ക് പോകാന്‍ കഴിയുന്നില്ല.
ഇക്കാരണത്താല്‍ യമന്‍ പൗരന്റെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നു ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ബ്ലഡ് മണി സ്വീകരിക്കാമെന്ന് യമന്‍ പൗരന്റെ ബന്ധുക്കള്‍ അറിയിച്ചാലും, ആ പണം നിലവില്‍ കൈമാറാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. യമനിലേക്ക് പണം കൈമാറുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കാണ് ഇതിന് തടസമായി നില്‍ക്കുന്നത്.