സമഗ്രമായ പാഠ്യ പദ്ധതി പരിഷ്കരണത്തിന്‍റെ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. ഇതിനായി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും കരിക്കുലം കോര്‍ കമ്മിറ്റിയും രൂപീകരിച്ചു. ലിംഗ നീതി, സമത്വം, മതനിരപേക്ഷത തുടങ്ങിയ വിഷയങ്ങള്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും. എല്ലാ മേഖലയിലെയും വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി.
2013 ലാണ് അവസാനമായി പാഠ്യപദ്ധതി പുതുക്കിയത്. കാലികമായി പാഠ്യപദ്ധതി പുതുക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടികളുലേക്ക് വിദ്യാഭ്യാസ വകുപ്പ് കടന്നത്. മന്ത്രി ചെയര്‍പേഴ്സണ്‍ ആയി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍ പേഴ്സണായി കരിക്കുലം കോര്‍ കമ്മിറ്റിയും രൂപീകരിച്ചെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചത്. ലിംഗ നീതി, സമത്വം, മതനിരപേക്ഷത, ഭരണഘടന എന്നതടക്കമുള്ള വിഷയങ്ങള്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും. സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ പുനര്‍വിന്യാസം ,സ്പെഷ്യല്‍ റൂളുകള്‍ തയ്യാറാക്കല്‍ ,വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട കോടതി കേസുകള്‍ ,കെ ഇ ആര്‍ ഭേദഗതികള്‍ ,വിവരാവകാശ അപേക്ഷകള്‍ എന്നിവയ്ക്കായി സെക്രെട്ടറിയേറ്റില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു .
സ്പെഷ്യല്‍ റൂള്‍ തയ്യാറാക്കുന്നതിന് കോര്‍ കമ്മിറ്റിയും സര്‍ക്കാര്‍ രൂപീകരിച്ചു. സംസ്ഥാനത്ത് കൃത്യമായ രീതിയില്‍ സ്കൂളുകളുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നുണ്ട്.
ഒരു തരത്തിലെ പരാതിയും ഇതുവരെ ഉയര്‍ന്നു വന്നിട്ടില്ല. പൊതുപരീക്ഷകളും സമയബന്ധിതമായി നടത്തും. പ്ളസ് വണ്ണിന് ജൂണിലാണ് പരീക്ഷ നടക്കുക. അവര്‍ക്ക് ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.