ചെന്നൈ: ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ‘ട്രാന്‍സ്ലൂണാര്‍ ഇന്‍ജക്ഷന്‍’ പൂര്‍ത്തിയാക്കി, ചൊവ്വാഴ്ച 12.15 ഓടെയാണ് പേടകത്തിന്റെ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയത്. ഓഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കും. ട്രാന്‍സ്ലൂണാര്‍ ഇന്‍ജക്ഷന് പിന്നാലെ ചന്ദ്രയാന്‍-3 ബഹിരാകാശ പേടകം ഭൂമിയെ ഭ്രമണം ചെയ്യാതെ ചന്ദ്രന്റെ സമീപത്തേക്കുള്ള പാത സ്വീകരിച്ചു.
ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷം പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാല്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡറും തമ്മില്‍ വേര്‍പ്പെടും. ഓഗസ്റ്റ് 17 നായിരിക്കും ഇത് നടക്കുക. ഓഗസ്റ്റ് 23 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ്ങ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാന്‍സിനസ് യു ഗര്‍ത്തത്തിന് സമീപമാണ് ചന്ദ്രയാന്‍ ലാന്‍ഡര്‍ ഇറങ്ങുക.
ജൂലൈ 14 നായിരുന്നു ചന്ദ്രയാന്‍ -3 ദൗത്യത്തിന്റെ വിക്ഷേപണം. ജൂലൈ 25 ന് അഞ്ച് ഭ്രമണപഥ ഉയര്‍ത്തലുകള്‍ പൂര്‍ത്തിയാക്കി. ഇതിനു ശേഷമാണ് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയത്. ചന്ദ്രയാന്‍ 2 പരാജയപ്പെട്ടതോടെ ചന്ദ്രായാന്‍ 3 വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ.