തിരുവനന്തപുരം: കല്ലമ്പലത്ത് മണിക്കൂറുകള്‍ക്കിടെ മരിച്ചത് 3 സുഹൃത്തുക്കൾ. ഇതിൽ രണ്ടെണ്ണം കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. ഒരേസുഹൃത്ത് സംഘത്തില്‍പ്പെട്ട മൂന്നുപേരുടെ മരണങ്ങളിലാണ് ഇപ്പോൾ ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്നത്.
പി.ഡബ്ല്യൂ.ഡി. ഹെഡ് ക്ലാര്‍ക്ക് അജികുമാറിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായിരുന്നു ആദ്യത്തെ സംഭവം. ഇത് കൊലപാതകമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അജികുമാറിനെ സുഹൃത്തായ സജീവ്കുമാറാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മറ്റൊരു സുഹൃത്തായ അജിത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയതും സജീവ്കുമാറാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
തിങ്കളാഴ്ച രാവിലെയാണ് അജികുമാറിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതും വീട്ടിനകത്ത് രക്തം തളംകെട്ടിയ നിലയില്‍ കണ്ടതും സംശയത്തിനിടയാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു.
അജികുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് സുഹൃത്തായ അജിത്ത് വാഹനമിടിച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സുഹൃത്തായ സജീവാണ് അജിത്തിനെ പിക്കപ്പ് വാന്‍ ഓടിച്ചുകയറ്റി കൊലപ്പെടുത്തിയത്.
ഇവരുടെ മറ്റൊരു സുഹൃത്തായ ബിനുപ്രമോദിനും സംഭവത്തില്‍ പരിക്കേറ്റിരുന്നു. ഈ സംഭവം കഴിഞ്ഞ് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം ഇവരുടെ സുഹൃത്ത്സംഘത്തില്‍പ്പെട്ട ബിനുകുമാര്‍ ബസ് ഇടിച്ചും മരിച്ചു. ബിനുരാജ് ബസിന് മുന്നിലേക്ക് ചാടി മരിച്ചെന്നാണ് പോലീസിന്റെ നിഗമനം,
അജിത്തിന്റെ മരണത്തിന് പിന്നാലെ സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുഹൃത്തുക്കളായ മൂന്നുപേര്‍ മണിക്കൂറുകള്‍ക്കകം മരിച്ചതും പോലീസിന് സംശയത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് സജീവിനെയും ഇവരുടെ മറ്റുസുഹൃത്തുക്കളെയും ചോദ്യംചെയ്തതോടെയാണ് സംഭവം വ്യക്തമായത്.
ഞായറാഴ്ച രാത്രി അജികുമാറിന്റെ വീട്ടില്‍ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് മദ്യപിച്ചിരുന്നതായാണ് വിവരം. ഇതിനിടെ തര്‍ക്കമുണ്ടാവുകയും അജികുമാര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അജിത്തിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
അജിത്ത് കൊല്ലപ്പെട്ടതിന് പിന്നാലെ ബിനുരാജ് ബസിന് മുന്നില്‍ ചാടി ജീവനൊടുക്കിയെന്നും പോലീസ് കരുതുന്നു. വരും മണിക്കൂറുകളില്‍ ഈ സംഭവങ്ങളിലെല്ലാം വ്യക്തത വരുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.