കേരളാ പോലീസ് സേനയില്‍ ലിംഗവിവേചനമെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നു. അവരൊരു പരാതിയും സര്‍വീസിലിരിക്കുമ്പോള്‍ തന്നോട് പറഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അത്തരം സമീപനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ചോദ്യോത്തരവേളയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി ഈ മറുപടി നല്‍കിയത്.
ആര് ശ്രീലേഖ ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലെ പല പരാമര്‍ശങ്ങളും വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. സേനയില്‍ ലൈംഗിക ചൂഷണം നടക്കുന്നുവെന്നും മുന്‍ ഡിഐജി ഒരു വനിതാ എസ്‌ഐയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ആര്‍ ശ്രീലേഖ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.
സേനയിലെ വനിതാ ഓഫീസര്‍മാര്‍ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നുവെന്നും, പുരുഷമേധാവിത്വമുള്ള പൊലീസ് സംവിധാനത്തില്‍ നിന്ന് മാനസികസമ്മര്‍ദ്ദം സഹിക്കാനാവാതെ പലരും രാജി വയ്ക്കാന്‍ പോലും തയ്യാറായിട്ടുമുണ്ടെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
എന്നാല്‍ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കടുത്ത വിമര്‍ശനവുമായി ശ്രീലേഖയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തി. സേനയിലെ വനിതകളുടെ ആത്മാഭിമാനം നശിപ്പിക്കുന്ന പ്രസ്താവനയാണ് മുന്‍ ഡിജിപി നടത്തിയതെന്നാണ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്.