തിരുവനന്തപുരം: മുസ്ലിം ലീഗ് യുഡിഎഫ് വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് വിടുന്ന പ്രശ്നമില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ രാഷ്ട്രീയമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് കെടി ജലീല്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പും കഴിഞ്ഞ ദിവസം മുന്‍ ധനമന്ത്രി തോമസ് ഐസക് പങ്കുവച്ച കുറിപ്പുമാണ് മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് പോകുന്നു എന്ന വാര്‍ത്തകള്‍ക്ക് കാരണമായത്.
നേരത്തെ മുസ്ലിം ലീഗ് നേതാക്കള്‍ക്കൊപ്പം ജലീല്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഫോട്ടോ പുറത്തുവന്നിരുന്നു. ജനകീയാസൂത്രണ പദ്ധതിക്ക് മുസ്ലിം ലീഗ് നല്‍കിയ പിന്തുണയും പ്രതിസന്ധി ഘട്ടത്തില്‍ പികെ കുഞ്ഞാലിക്കുട്ടി നടത്തിയ ഇടപെടലുമായിരുന്നു തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിലെ വിഷയം.
ഇത് ചൂണ്ടിയാണ് മുസ്ലിം ലീഗ് യുഡിഎഫ് വിടുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയില്‍ മനംമടുത്താണ് പുറത്തേക്ക് പോകുന്നതെന്നും പ്രചാരണമുണ്ടായത്. വിഡി സതീശനൊപ്പമെത്തിയാണ് കുഞ്ഞാലിക്കുട്ടി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
യുഡിഎഫിനാണ് ജനം വോട്ട് നല്‍കിയത്. യുഡിഎഫിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോകും. ജനവിധി അംഗീകരിച്ചാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുന്നത് എന്നും മറ്റുള്ള തോന്നലുകളെല്ലാം നിങ്ങള്‍ക്ക് പറ്റിയ തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മാധ്യമങ്ങള്‍ കഥയുണ്ടാക്കുന്നു എന്നും എന്നെ പറ്റി കഥയുണ്ടാക്കുന്നതില്‍ ഞാനെന്ത് ചെയ്യാനാണ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ തോമസ് ഐസക് ചെയ്തത് ചരിത്രം പറയുകയാണ്. എന്നെ പറ്റിയും മുനീറിനെ പറ്റിയും മറ്റു പലരെയും പറ്റി പറഞ്ഞിട്ടുണ്ട്.
യുഡിഎഫിന് ഒരു നയമുണ്ട്. അത് ഒരുകാലത്തും നെഗറ്റീവ് ആയിട്ടില്ല. കണ്‍സട്രക്റ്റീവ് ആയിരുന്നു. അഹമ്മദ് ഗുരുക്കളുടെ കാലം മുതലേ പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ തുടര്‍ന്ന് വരുന്ന നയമുണ്ട്. എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകുക എന്നതാണ് ആ നയം. ആ നിലക്ക് അത്തരം സംഭവങ്ങളെ കാണണം.
തോമസ് ഐസക് ചരിത്രം പറയുകയാണ്. അതില്‍ രാഷ്ട്രീയമില്ല. നിങ്ങള്‍ മഞ്ഞ കണ്ണട വച്ച് നോക്കുകയാണ്. മുസ്ലിം ലീഗിന് ഒരു വാക്കേയുള്ള. ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തത് യുഡിഎഫിനെ ശക്തിപ്പെടുത്താനാണ്. ആ ജനവിധിക്ക് അപ്പുറം ഒരു ചര്‍ച്ചയുമില്ല. അതില്‍ ഉറച്ച് നില്‍ക്കും. വാക്കും പ്രവര്‍ത്തിയും ഒന്നേയുള്ളൂ.
അന്തസ്സായി മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ഭരണത്തിലെ നേട്ടവും കോട്ടവും ചൂണ്ടിക്കാണിക്കുമ്പോള്‍ അത് ചായ്വ് ആണെന്ന് പറയുന്നത് ശരിയല്ല. അത്തരം വ്യാഖ്യാനങ്ങള്‍ നിങ്ങള്‍ക്ക് പറ്റുന്ന അബദ്ധമാണ്. അല്ലാതെ എന്റെ ഭാഗത്ത് ഒന്നുമുണ്ടായിട്ടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.