ഹൈദരാബാദ്: തമിഴ് നടന്‍ വിഷ്ണു വിശാലിന്റെ എഫ് ഐ ആറിനെതിരെ തെലങ്കാനയില്‍ പ്രതിഷേധം. ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ ആണ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
എ ഐ എം ഐ എം എം എല്‍ എമാരായ സയ്യിദ് അഹമ്മദ് പാഷ ക്വാദ്രി, ജാഫര്‍ ഹുസൈന്‍ മെരാജ്, കൗസര്‍ മൊഹിയുദ്ദീന്‍ എന്നിവര്‍ സിനിമാ മന്ത്രി ടി ശ്രീനിവാസ് യാദവിനെ കണ്ട് സിനിമയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ചിത്രത്തിന്റെ പോസ്റ്ററില്‍ പശ്ചാത്തലത്തില്‍ ‘ഷഹാദ’ എന്ന് എഴുതിയിരിക്കുന്നതാണ് എതിര്‍പ്പിന് കാരണം. നേരത്തെ മൂന്ന് രാജ്യങ്ങളില്‍ എഫ് ഐ ആറിന്റെ പ്രദര്‍ശനം വിലക്കിയിരുന്നു.
മലേഷ്യ, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളിലാണ് സിനിമക്ക് വിലക്കുള്ളത്. എഫ് ഐ ആറിന് പ്രാദേശിക സെന്‍സര്‍ ബോര്‍ഡുകളില്‍ നിന്ന് അനുമതി നേടാനാകാഞ്ഞതാണ് വിലക്കിന് കാരണം. ഇന്ത്യയില്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ യു/എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് അനുമതി ലഭിച്ചത്.
മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു വിശാല്‍, റെബ മോണിക്ക ജോണ്‍, ഗൗതം വാസുദേവ് മേനോന്‍, മഞ്ജിമ മോഹന്‍, മാല പാര്‍വതി, റെയ്സ വില്‍സണ്‍, റാം സി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിഷ്ണു വിശാല്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
അരുള്‍ വിന്‍സെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തമിഴിലും തെലുങ്കിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഇ4 എന്റര്‍ടെയ്ന്‍മെന്റ് ആണ് സ്വന്തമാക്കിയത്.
സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ‘എഫ്‌ഐആര്‍’. തീവ്രവാദമാണ് ചിത്രത്തിന്റെ പ്രമേയം. ഇതാണ് മൂന്ന് രാജ്യങ്ങളിലെ വിലക്കിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
ഇര്‍ഫാന്‍ അഹമ്മദ് എന്നാണ് വിഷ്ണു വിശാല്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ഇര്‍ഫാന്‍ ഒരു ബോംബ് സ്‌ഫോടന കേസില്‍ പ്രതിയായി ഫ്രെയിം ചെയ്യപ്പെടുന്നതും പിന്നീട് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.