തിരുവനന്തപുരം: അമ്പലമുക്കില്‍ ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.വിനീതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനാണ് തെളിവെടുപ്പ്.
കേസിലെ പ്രതിയായ കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്പട്ടൂര്‍ രാജീവ് നഗറില്‍ ഡാനിയലിന്റെ മകന്‍ രാജേന്ദ്രനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നാല് കൊലപാതക കേസുകളിലെ പ്രതിയാണ് രാജേന്ദ്രന്‍. വിനീതയുടെ നാല് പവനോളം വരുന്ന സ്വര്‍ണ മാല കവരാനാണ് കൊല നടത്തിയത്. വിനീതയുടെ മാല കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതി കന്യാകുമാരിയിലാണ് ആഭരണം വിറ്റത്. പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തും. ഉള്ളൂര്‍ ജംഗ്ഷനിലെയും പേരൂര്‍ക്കടയിലെയും സി.സി ടി.വി ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായക തുമ്പായത്.
പേരൂര്‍ക്കട ഗവ.ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ ഒരു മാസം മുമ്പാണ് രാജേന്ദ്രന്‍ ജോലിക്ക് കയറിയത്. ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയിലാണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ പതിനൊന്നുമണി വരെ സമീപവാസികള്‍ പുറത്തുകണ്ടിരുന്നു. ഉച്ചയ്ക്ക് നഴ്സറിയില്‍ ചെടിവാങ്ങാനെത്തിയവര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ ഉടമസ്ഥനെ വിളിക്കുകയായിരുന്നു.
തുടര്‍ന്ന് വിനീതയെ വിളിച്ചിട്ടും ഫോണ്‍ എടുക്കാതായതോടെ സംശയം തോന്നി ഉടമ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഈ ജീവനക്കാരിയാണ് മൃതദേഹം കണ്ടെത്തിയത്.