തൃശൂര്‍ : വനിതാ നേതാവിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് ശോഭാ സുബിനെതിരെ കേസ്. സഹപ്രവര്‍ത്തകയുടെ ദൃശ്യം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭാ സുബിന്‍ ഉള്‍പ്പടേയുള്ള മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കയ്പമംഗലമത്തെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് തന്നെയാണ് നേതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ശോഭാ സുബിനും കൂട്ടരും തന്റെ പേരും പദവിയും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മോര്‍ഫ് ചെയ്ത വീഡിയോയ്‌ക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
കൊടുങ്ങല്ലൂര്‍ ഡി വൈ എസ് പിക്കായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. ശോഭാ സുബിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്സല്‍ എന്നിവര്‍ക്കെതിരേയാണ് മതിലകം പൊലീസ് കേസെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്നും അതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടികളിലേക്ക് കടക്കുകയുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പരാതി ശ്രദ്ധയില്‍പ്പെട്ടതോടെ അനുനയ നീക്കവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പരാതിയില്‍ നിന്നും പിന്മാറാന്‍ വനിതാ നേതാവായ പരാതിക്കാരി തയ്യാറായില്ല. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കയ്പമംഗലം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ശോഭാ സുബിന്‍.
ഫെബ്രുവരി ഒമ്പതു മുതലാണ് യുവതിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സമൂഹമ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടത്. ഇതിന് പിന്നാലെ തെളിവ് സഹിതം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.