ലൈംഗിക പീഡന പരാതികളില്‍ പൊലീസ് തിരയുന്ന പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എറണാകുളം ചക്കരപ്പറമ്ബ് സ്വദേശി അനീസ് അന്‍സാരി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
യുവതികളുടെ പരാതി പച്ചക്കള്ളമാണെന്നും തന്റെ സ്ഥാപനത്തെ തകര്‍ക്കുന്നതിനായുള്ള ഗൂഡനീക്കമാണെന്നും അനീസ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.
അതേസമയം, മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയ അന്വേഷണ സംഘം അന്‍സാരിക്കെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങളാണെന്നും കസ്റ്റഡിയില്‍ എടുത്തുള്ള അന്വേഷണം അനിവാര്യമാണെന്നും കോടതിയെ അറിയിച്ചു.
പരാതികള്‍ ഉയര്‍ന്നതോടെ അനീസ് ദുബായിലേക്കു കടന്നെന്ന് അഭ്യൂഹം പരന്നെങ്കിലും വീട്ടില്‍ നടത്തിയ തിരച്ചിലില്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയിരുന്നു. ഇതോടെ വിദേശത്തേക്ക് പോയിട്ടില്ലെന്ന് വ്യക്തമായി. അനീസിനെ കണ്ടെത്താനാകാതെ വന്ന പൊലീസ് ഇയാളുടെ ബന്ധുവിനെയും സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. അനീസിനെതിരെ മൊത്തം ഏഴു കേസുകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളതെങ്കിലും ഇതില്‍ നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തതിട്ടുള്ളത്. ലഭിച്ച പരാതികളില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
വിവാഹദിനത്തില്‍ മേക്കപ്പിനായി എത്തിയപ്പോള്‍ അനീസ് മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന വിദേശ മലയാളിയായ യുവതി കഴിഞ്ഞ ദിവസം നല്‍കിയ പരാതിയില്‍ പറയുന്നത്. അനീസിനെതിരെ മറ്റ് പരാതികള്‍ ഉയര്‍ന്നതോടെയാണ് രംഗത്തുവരുന്നതെന്നും പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ കൂടുതല്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്നും യുവതി പരാതിയില്‍ പറഞ്ഞു. ഇമെയില്‍ വഴി അയച്ച പരാതി ആദ്യം രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചുവെങ്കിലും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.