കൊച്ചി: നടന്‍ ദിലീപിന്‍റെ വീട്ടില്‍ ക്രൈംബ്രാഞ്ചിന്റെ റെയ്ഡ്. ദിലീപിന്‍റെ ആലുവയിലെ “പത്മസരോവരം” എന്ന വീട്ടിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. അടച്ചിട്ടിരുന്ന വീടിന്റെ ഗേറ്റ് ചാടിക്കടന്ന് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ അകത്ത് കടന്നു. പിന്നാലെ ദിലീപിന്റെ സഹോദരിയെത്തി മറ്റുള്ളവർക്കായി ഗേറ്റ് തുറന്ന് കൊടുക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിന് പിന്നാലെ ദിലീപിനെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദിലീപിനെതിരെ കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ടാണ് ക്രൈം ബ്രാഞ്ചിന്റെ റെയ്ഡ്.
ദിലീപിന്റെ സഹോദരന്‍ അനൂപിന്‍റെ തോട്ടക്കാട്ടുകരയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ദിലീപും സഹോദരനും ഉൾപ്പെടെ ആറ് പ്രതികളാണുള്ളത്. പൊലീസുകാര്‍ക്കെതിരായ വധഭീഷണി കേസ് ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചുവെന്നാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ വി.ഐ.പിയുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കും.