കിഴക്കമ്പലം: ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ പലയിടത്തും മുറിവേറ്റ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ദീപുവിന് ഗുരുതര കരള്‍രോഗമുണ്ടായിരുന്നെന്നും അതാണ് മരണ കാരണമെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ക്ഷതമേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. തലയ്ക്കു പിന്നിലായി രണ്ട് പരിക്കുമുണ്ട്. ഇതേത്തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയത്. ഡോ. ജെയിംസ്‌കുട്ടി, ഡോ. ജോമോന്‍ ജേക്കബ് എന്നീ പോലീസ് സര്‍ജന്‍മാരാണ് റിപ്പോര്‍ട്ട് നല്‍കിയത്.
പരിക്കേറ്റ് രക്തം ഛര്‍ദിച്ച നിലയിലാണ് ദീപുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 12-ന് വൈകീട്ട് നാല് സി.പി.എം പ്രവര്‍ത്തകരാണ് ദീപുവിലെ ആക്രമിച്ചത്. അന്ന് ട്വന്റി 20 വിളക്കണയ്ക്കല്‍ സമരം നടത്തിയിരുന്നു.
ഇതിനെതിരേ രംഗത്തിറങ്ങിയ സി.പി.എം. കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്‌മാന്‍, പറാട്ട് വീട്ടില്‍ സൈനുദ്ദീന്‍ സലാം, നെടുങ്ങാടന്‍ സലാം, വലിയപറമ്പില്‍ അസീസ് എന്നിവര്‍ ചേര്‍ന്ന് ദീപുവിനെ ആക്രമിച്ചെന്നാണ് കേസ്.തങ്ങളെ ഇല്ലാതാക്കാന്‍ സി.പി.എം. ശ്രമിച്ചതിനു തെളിവ് ഉണ്ടെന്ന് ട്വന്റി 20 ആരോപിച്ചു.
എതിരാളികളെ കായികമായി ഇല്ലാതാക്കാന്‍ സി.പി.എം. നടത്തുന്ന ഹീന ശ്രമത്തിന്റെ ഭാഗമായിരുന്നു ദീപുവിന്റെ കൊലപാതകമെന്ന് ട്വന്റി 20 പറഞ്ഞു.
ഗുരുതര പരിക്കോടെ ആശുപത്രിയില്‍ എത്തിയ ദീപുവിന് കരള്‍ രോഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആശുപത്രി അധികൃതരെ സ്വാധീനിച്ച് സി.പി.എം. ശ്രമം നടത്തിയെന്നും ട്വന്റി 20 ആരോപിച്ചു. കേസില്‍ പി.വി. ശ്രീനിജിന്‍ എം.എല്‍.എ.യുടെ പങ്ക് അന്വേഷിക്കണമെന്നും ട്വന്റി 20 നേതൃത്വം ആവശ്യപ്പെട്ടു.