കീവ്: രാജ്യത്തെ രക്ഷിക്കാന്‍ ആയുധമെടുത്ത് യുക്രെയിനിലെ പൗരന്മാര്‍. രാജ്യത്തിന് വേണ്ടി പൗരന്മാര്‍ അണിനിരക്കണമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയായിരുന്നു ഇത്.
സ്ത്രീകളും പ്രായമായവരുമടക്കം നിരവധി പേരാണ് തോക്കും മറ്റുമായി നാടിനുവേണ്ടി പോരാടാന്‍ ഇറങ്ങിതിരിച്ചത്. ഇപ്പോഴിതാ ഒരു കര്‍ഷകന്‍ തന്റെ ട്രാക്ടര്‍ ഉപയോഗിച്ച് ഒരു റഷ്യന്‍ ടാങ്ക് കടത്തികൊണ്ട് പോകുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
റഷ്യന്‍ അധിനിവേശത്തിനിടെ ടാങ്ക് കടത്തുന്ന ദൃശ്യം ഓസ്ട്രിയയുടെ റഷ്യന്‍ അംബാസഡറായ ഒലെക്സാണ്ടര്‍ സ്‌കെര്‍ബ ആണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഇത് സത്യമാണെങ്കില്‍ ലോകത്താദ്യമായി ഒരു കര്‍ഷകന്‍ കടത്തുന്ന ടാങ്ക് ആയിരിക്കുമതെന്നും യുക്രെയിനികള്‍ ധീരന്‍മാര്‍ ആണെന്നും കുറിച്ചുകൊണ്ടാണ് ഒലെക്സാണ്ടര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഭീകരത ആരംഭിച്ചതിന് ശേഷം ആദ്യമായി ചിരിച്ചത് ഇപ്പോഴാണെന്നും സംഭവം സത്യമായിരിക്കണേ എന്നും പലരും കമന്റ് ചെയ്തു.
യുക്രെയിനിലെ മദ്യനിര്‍മാണശാലയായ പ്രാവ്ഡ റഷ്യന്‍ സേനയില്‍ നിന്ന് തങ്ങളുടെ രാജ്യത്തെ രക്ഷിക്കാന്‍ മദ്യത്തിന് പകരമായി മൊളൊടൊവ് കോക്ടെയില്‍ എന്ന ബോംബ് നിര്‍മിക്കുന്നെന്ന വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ പ്രചാരം നേടിയിരുന്നു.
അധിനിവേശം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി കെട്ടിടങ്ങളും റോഡുകളും നിര്‍മിക്കുന്ന യുക്രെയിന്‍ കമ്പനിയായ യുക്രാവ്ടൊഡൊര്‍ റഷ്യന്‍ സേനയെ കുഴപ്പിക്കുന്നതിനായി റോഡിലെ സൈന്‍ ബോര്‍ഡുകള്‍ നീക്കം ചെയ്തിരുന്നു.