നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ പോലീസിനെ വെട്ടിലാക്കാക്കി ദിലീപ്. കേസിലെ നിർണായക തെളിവായ ഫോൺ പൊലീസിന് നൽകാതെ ദിലീപ് അഭിഭാഷകരുടെ കൈയിൽ നൽകി.
ദിലീപും സംഘവും പുതിയ ഫോണുമായിട്ടാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്ന് അന്വേഷണ സംഘം നേരത്തെ പറഞ്ഞിരുന്നു. പഴയ ഫോണുകള്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പറ്റില്ലെന്ന് പറഞ്ഞിരിക്കുകയാണ് ദിലീപ്.
ഇപ്പോൾ അഭിഭാഷകരെ ഉപയോഗിച്ചുള്ള നീക്കങ്ങളാണ് ദിലീപ് നടത്തിക്കൊണ്ടിരിക്കുന്നത്. ദിലീപിന്റെയും അനൂപിന്റെയും ഫോണുകളില്‍ നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്ന വിലയിരുത്തലാണ് അന്വേഷണ സംഘത്തിനുള്ളത്. കോടതി വിധി ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
എന്നാല്‍ ഫോണ്‍ കൈമാറില്ലെന്ന നിലപാടിൾ തന്നെയാണ് ദിലീപ്. ഫോണ്‍ ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നതാണ്. അഭിഭാഷകര്‍ക്ക് ഫോണ്‍ കൈമാറിയെന്ന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദിലീപ് അടക്കം നാല് പ്രതികളും ഫോണ്‍ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പഴയ ഫോണ്‍ കിട്ടിയാല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് പോലീസ് കരുതുന്നത്. അതേസമയം ദിലീപ് എന്തിനാണ് ഫോണ്‍ മാറ്റിയതെന്ന ചോദ്യം പ്രസക്തമാകുകയാണ്.
എന്താണ് പഴയ ഫോണുകളില്‍ ഉള്ളതെന്നതും ഇതോടെ സംശയാസ്പദമായിരിക്കുകയാണ്. പ്രതികള്‍ ഫോണ്‍ ഒളിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഫോണിലെ രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ഫോണ്‍ അഭിഭാഷകര്‍ക്ക് കൈമാറിയ കാര്യം നാളെ അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും.
ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുമ്പ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഫോണുകള്‍ ഹാജരാക്കാനായിരുന്നു ദിലീപ് അടക്കമുള്ളവരോട് ആവശ്യപ്പെട്ടത്.
നേരത്തെ ദിലീപ് അടക്കമുള്ളവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയപ്പോൾ പിടിച്ചെടുത്തത് പുതിയ ഫോണാണ്. ചോദ്യം ചെയ്യലിനായി ഇവര്‍ വന്നതും പുതിയ ഫോണുമായിട്ടാണ്. ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഇന്നലെയായിരുന്നു പൂര്‍ത്തിയായത്. മൂന്ന് ദിവസം 33 മണിക്കൂറാണ് ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കാമെന്നും, എവിടെ വേണമെങ്കിലും ഹാജരാവാം എന്നുമായിരുന്നു ദിലീപ് നിലപാട് എടുത്തത്.