മുംബൈ: ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരായ കേസില്‍ തെളിവില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം. സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേയായിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. ഒരുമാസത്തെ ജയില്‍ വാസത്തിന് ശേഷം ആര്യന് ജാമ്യവും ലഭിച്ചു.
രാജ്യം വിട്ടു പോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്.
റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതാണ് എന്‍സിബി പ്രധാന പിഴവായി ചൂണ്ടിക്കാട്ടുന്നത്. ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നു. ചാറ്റുകള്‍ പരിശോധിച്ചതില്‍ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ലെന്നും ഗൂഢാലോചനാ വാദവും നിലനില്‍ക്കാത്തതാണെന്നും എന്‍സിബി കണ്ടെത്തി. രണ്ട് മാസത്തിനകം എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.