സ്വപ്നയുടെ ശബ്ദരേഖ പ്രചരിപ്പിച്ച പൊലീസുകാർ ഉടൻ കുടുങ്ങാൻ സാധ്യത. സ്വർണക്കടത്തു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കെ സ്വപ്ന സുരേഷിനു ഫോൺ സന്ദേശം പ്രചരിപ്പിക്കാൻ അവസരം ഒരുക്കിയവരാണ് കുടുങ്ങാൻ പോകുന്നത്. കേരള പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചു കേന്ദ്ര ഏജൻസികൾക്കു വ്യക്തമായ തെളിവുകൾ ലഭിച്ചു.
ഇഡി കസ്റ്റഡിയിലിരിക്കെയാണു 2020 ഡിസംബറിൽ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കോ സർക്കാരിനോ പങ്കില്ലെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തു വന്നത്. എന്നാൽ ഒരു വർഷത്തിലേറെ അന്വേഷണം നടത്തിയിട്ടും കേരള പൊലീസിന് ആ ശബ്ദം സ്വപ്നയുടേതാണോയെന്നു തിരിച്ചറിയാനായില്ല.
എന്നാൽ കഴിഞ്ഞ ദിവസം ആ ശബ്ദ സന്ദേശം താനാണു റെക്കോർഡ് ചെയ്തു പുറത്തു വിട്ടതെന്നും, ശിവശങ്കർ അടക്കമുള്ളവരുടെ നിർദേശ പ്രകാരമായിരുന്നു അതെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതാണു ഇഡിക്കു പുതിയ വഴി തെളിച്ചത്
കേരള പൊലീസ് അസോസിയേഷന്റെ എറണാകുളം ജില്ലാ ഭാരവാഹിയായ വനിതാ കോൺസ്റ്റബിളും പാലാരിവട്ടം സ്റ്റേഷനിലെ മറ്റൊരു വനിതാ കോൺസ്റ്റബിളുമായിരുന്നു സ്വപ്നയ്ക്ക് എസ്കോർട്ട് ഡ്യൂട്ടി പോയിരുന്നത്. ജില്ലാ ഭാരവാഹി തൃപ്പുണ്ണിത്തുറ സ്റ്റേഷനിലായിരുന്നു. സർക്കാരിനെ വെള്ള പൂശാനുള്ള നിർദേശങ്ങൾ തലസ്ഥാനത്തു നിന്ന് ഇവർ വഴിയാണു സ്വപ്നയ്ക്കു കൈമാറിയിരുന്നതെന്നാണു കേന്ദ്ര ഏജൻസികൾക്കു ലഭിച്ച വിവരം.
വിവാദ ശബ്ദ സന്ദേശത്തിന്റെ സ്ക്രിപ്റ്റ് തലസ്ഥാനത്താണു തയാറാക്കിയത്. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയാണ് ഇത് എറണാകുളത്ത് എത്തിച്ചതെന്നു പറയപ്പെടുന്നു.
തുടർന്നു ഫോൺ കൈവശമില്ലാതിരുന്ന സ്വപ്നയ്ക്കു മറ്റൊരു ഫോൺ നൽകി അതു റിക്കോർഡ് ചെയ്തു ചാനലുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഈ മൂന്നു പൊലീസ് ഉദ്യോഗസ്ഥരുടെയും ശിവശങ്കറിന്റെയും പങ്കാണു കൂടുതൽ അന്വേഷിക്കുക. ചിലപ്പോൾ ഇതിന് ഒത്താശ ചെയ്ത പൊലീസിലെ ചില ഉന്നതരും കുടുങ്ങിയേക്കും. അന്വേഷണം നടന്നാല്‍ ആഭ്യന്തര വകുപ്പും സിപിഎമ്മും പ്രതിരോധത്തിലാകും.