ലൈംഗിക പീഡനത്തിനും കൊലപാതകക്കുറ്റത്തിനും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു പുരോഹിതനെക്കുറിച്ച് 1988 ല്‍ വിനോദ് പാണ്ഡെ വായിച്ച ഒരു വാര്‍ത്തയെ അടിസ്ഥാനമാക്കിയുള്ളതാണ് സിന്‍സ് എന്ന സിനിമ. ചിത്രത്തില്‍ ഷൈനി അഹൂജയും സീമ റഹ്‌മാനിയുമായിരുന്നു പ്രധാന താരങ്ങള്‍. പുരാതന കേരളത്തിലെ ഒരു ഇടവകയിലെ കത്തോലിക്കാ പുരോഹിതനായ വില്യം, റോസ്‌മേരി എന്ന യുവതിയുമായി പ്രണയത്തിലാകുകയും വിലക്കപ്പെട്ട ആ ബന്ധത്തിലൂടെ അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന കാമം, സ്വാര്‍ത്ഥത,അസൂയ തുടങ്ങിയവയാണ് ചിത്രം പറയുന്നത്.
ചിത്രത്തിന് വിവാദപരമായ കുറച്ച് ടോപ്പ്‌ലെസ് രംഗങ്ങളുണ്ട്, അതിന്റെ ഫലമായി ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു . ഒരു കത്തോലിക്കാ പുരോഹിതന്‍ ഒരു യുവതിയുമായി പ്രണയബന്ധം കാണിക്കുന്ന ചിത്രം കത്തോലിക്കാ മതത്തിന്റെ നിഷേധാത്മക ചിത്രീകരണവും അസഭ്യവുമാണെന്ന് തോന്നിയവര്‍ പ്രതിഷേധിച്ചു. കാത്തലിക് സെക്യുലര്‍ ഫോറം ചിത്രത്തിന്റെ റിലീസ് നിര്‍ത്തിവയ്ക്കാന്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്‌തെങ്കിലും കോടതി ചിത്രത്തിന് അനുമതി നല്‍കി. 2005 ഫെബ്രുവരി 25-ന് 50 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ഈ ചിത്രം വാണിജ്യപരമായി വിജയിച്ചില്ല.