ഇ.ഡി മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് ബിജെപിയിലേക്ക്. സര്‍വീസില്‍ നിന്ന് രാജേശ്വര്‍ സിങ് സ്വമേധയാ വിരമിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പുറിലെ ബിജെപി സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. സ്വമേധയ വിരമിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
2 G സ്‌പെക്ട്രം, അഗസ്താവെസ്റ്റ്‌ലാന്‍ഡ് ഇടപാട് തുടങ്ങി രണ്ടാം യുപിഎ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരിരുന്നു രാജേശ്വര്‍. സ്വമേധയാ വിരമിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കളെ പുകഴ്ത്തി രാജേശ്വര്‍ ട്വിറ്റും ചെയ്തിട്ടുണ്ട്.
നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി നഡ്ഡ, യോഗി ആദിത്യനാഥ് എന്നിവര്‍ ഇന്ത്യയെ ലോകശക്തിയാക്കാന്‍ പ്രയത്‌നിക്കുന്നവരാണെന്നും അവരോടൊപ്പം രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും രാജേശ്വര്‍ സിങ് പറഞ്ഞു. ഉത്തര്‍പ്രദേശ് പോലീസില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേഗത്തില്‍ നീതി നടപ്പാക്കുന്ന എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇ.ഡിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പല അഴിമതിക്കാരേയും അഴിക്കുള്ളിലാക്കാന്‍ കഴിഞ്ഞുവെന്നും രാജേശ്വര്‍ സിങ് പറഞ്ഞു.
രാജേശ്വര്റിനെ വിമർശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എം.പിയാണ് വിമർശനവുമായി രംഗത്തെത്തിയത്.ഇ.ഡിയില്‍ നിന്ന് വിരമിച്ച് ബിജെപിയില്‍ ചേരുന്നത് മാതൃസ്ഥാപനത്തിലേക്ക് മടങ്ങുന്നതിന് തുല്യമാണെന്ന് രാജേശ്വര്‍ സിങ്ങിന്റെ പേരെടുത്ത് പറയാതെ കാര്‍ത്തി ചിദംബരം വിമര്‍ശിച്ചു.