മൂന്നാര്‍: തനിക്കെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷൻറെ കണ്ടെത്തല്‍ ശരിയല്ലെന്ന് സി.പി.എമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍. ദേവികുളത്ത് ജാതി വിഷയം ചര്‍ച്ചയാക്കിയത് താനല്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. അതിനു പിന്നിൽ പാര്‍ട്ടിയാണെന്ന് രാജേന്ദ്രന്‍ ആരോപിച്ചു.
പാര്‍ട്ടിയോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ചു. നൂറ് ശതമാനം ശരിയാകാന്‍ ആര്‍ക്കുമാകില്ല. ജില്ല നേതാക്കള്‍ തനിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് കരുതുന്നില്ല. പാര്‍ട്ടി നടപടിക്ക് പിന്നില്‍ എം.എം മണി ആണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. കാലം അതിന് മറുപടി നല്‍കും. തനിക്ക് സി.പി.ഐയിലേക്ക് പോകാന്‍ ആഗ്രഹമില്ല. പാര്‍ട്ടിയിലെ ചിലരാണ് അത് ആഗ്രഹിക്കുന്നത്.
തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കാലങ്ങളായി ചിലര്‍ ശ്രമിച്ചിരുന്നുവെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു.
താന്‍ ആരോടും ജാതി പറഞ്ഞില്ല. ദേവികുളത്ത് ജാതി വിഷയം എടുത്തിട്ടത് താനല്ല. ഒരു വിഭാഗത്തിന്റെ വോട്ട് കിട്ടിയില്ലെന്ന് പാര്‍ട്ടി പറയുന്നു. പാര്‍ട്ടി കമ്മീഷന്റെ പല കണ്ടെത്തലുകളും ശരിയല്ല. പ്രമുഖര്‍ക്കൊപ്പം പടം വന്നില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു.
സി.പി.എം എന്ന ബോര്‍ഡ് വെച്ചാല്‍ മാത്രം ആളുകളെ ആകര്‍ഷിക്കാനാവില്ല എന്നും രാജേന്ദ്രൻ പറഞ്ഞു. ആളുകളെ ആകര്‍ഷിക്കാന്‍ ആരെങ്കിലുമൊക്കെ ഇടപെടണം. ബൂത്ത് കമ്മറ്റി പോലും കൂടാത്തിടത്ത് പോയി യോഗം വിളിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. തനിക്കെതിരായ നീക്കം നേരത്തെ തന്നെ തുടങ്ങിയിരുന്നുവെന്നും എസ്. രാജേന്ദ്രന്‍ കൂട്ടിച്ചേർത്തു.