ബെംഗളൂരു: വ്യാജ ഡോക്ടര്‍ ചമഞ്ഞ് സമ്പന്നയുവതികളെ വിവാഹം ചെയ്ത് പറ്റിച്ച യുവാവ് പിടിയില്‍. ബംഗളൂരു ബാണശങ്കര സ്വദേശി കെ.ബി മഹേഷിനെയാണ് കുവെമ്പുനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി യുവതികളെ കബളിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. 35 വയസ്സിനിടെ 15 വിവാഹമാണ് ഇയാള്‍ കഴിച്ചത്. ബെംഗളൂരുവില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയറായ യുവതിയുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. താന്‍ എല്ലുരോഗ വിദഗ്ധനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് യുവതിയെ ഇയാള്‍ വിവാഹം ചെയ്തത്. മൈസുരുവുല്‍ വലിയ വീടുണ്ടെന്നും എല്ലാം യുവതിയെ പറന്നുവിശ്വസിപ്പിച്ച ശേഷം ചാമുണ്ഡി ഹില്‍സില്‍ പോയി നിശ്ചയം നടത്തി. ജനുവരി 28ന് വിവാഹിതരാകുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ യുവതിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ തുടങ്ങി.
ഇതേസമയത്താണ് ദിവ്യ എന്ന യുവതി താന്‍ മഹേഷിന്റെ ഇരയാണെന്ന് അറിയിച്ചുകൊണ്ട് യുവതിയെ സമീപിക്കുന്നത്. ഇതോടെ ചതി മനസ്സിലായ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ശാദി.കോം, ഡോക്ടേര്‍സ്മാട്രിമൊണി.കോം എന്നീ വെബ്സൈറ്റുകളിലൂടെയാണ് ഇയാള്‍ യുവതികളെ പറ്റിച്ചത്. സമ്പന്ന വീടുകളിലെ യുവതികള്‍ ആയിരുന്നു വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മഹേഷിന്റെ ഇരകള്‍.