രോഗികളുടെ സ്വകാര്യഭാഗങ്ങൾ ഷൂട്ട് ചെയ്തു സൂക്ഷിക്കുന്ന ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നിരിക്കുന്നു . രോഗികളുടെ ഡാറ്റ രഹസ്യമായി സൂക്ഷിക്കുന്നതിൽ ക്ലിനിക്കുകൾക്കും, ആശുപത്രികൾക്കും ലാബുകൾക്കും മറ്റും വരുന്ന വീഴ്ച മുതലെടുത്തുകൊണ്ട് മനോവൈകല്യമുള്ള ക്രിമിനലുകൾ നടത്തുന്ന മുതലെടുപ്പുകൾ, ഇറ്റലിയിൽ കഴിഞ്ഞ ദിവസം നടന്ന ഒരു അറസ്റ്റോടെ പുറത്തുവന്നിരിക്കുകയാണ്.
ഈ ക്രിമിനലിന്റെ ‘മോഡസ് ഓപ്പറാണ്ടി’ വളരെ കണക്കുകൂട്ടിയുള്ള ഒന്നായിരുന്നു. ആദ്യം തന്നെ ഇയാൾ ചെയ്യുന്നത്, രാജ്യത്തെ പ്രമുഖ ലാബുകളിൽ നിന്ന് യോനിയിൽ അണുബാധ ഉണ്ടായി എന്ന കാരണത്താൽ രക്തപരിശോധനകൾക്ക് വിധേയരായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. അവരുടെ ഫോൺ നമ്പറുകൾ സംഘടിപ്പിച്ചുകൊണ്ട്, ഡോക്ടർ എന്ന് പരിചയപ്പെടുത്തിയുള്ള ഇയാളുടെ ആദ്യത്തെ ടെലിഫോൺ സംഭാഷണത്തോടെ തന്നെ അവർ ഇരകളായി മാറുകയാണ്.
ആദ്യ ചോദ്യങ്ങൾ ഇരകളുടെ വിവരങ്ങൾ സ്ഥിരീകരിച്ചുകൊണ്ടുള്ളതാവും. പേര്, പ്രായം, ജനനതീയതി, ബ്ലഡ് ഗ്രൂപ്പ്, തുടങ്ങിയ പലതും കൃത്യമായി അങ്ങോട്ട് പറഞ്ഞു സ്ഥിരീകരിച്ചുകൊണ്ടാണ് ഇയാൾ സംസാരം തുടങ്ങുന്നത്. “അടുത്തിടെ എങ്ങാനും വല്ല ഗൈനക് പരിശോധനകൾക്കും വിധേയരായിരുന്നോ?” എന്നുള്ള അയാളുടെ അടുത്ത ചോദ്യത്തിൽ അവർ വീണുപോകും.
ചോദ്യങ്ങൾ തുടർന്ന് വിളിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ലൈംഗിക ജീവിതങ്ങളിലേക്ക് കടക്കും. അതിന്റെ വിശദാംശങ്ങൾ കിട്ടിക്കഴിയുമ്പോൾ കഴിഞ്ഞ ഘട്ടത്തിൽ നടത്തിയ പരിശോധനകൾ പ്രകാരം “ഗൗരവമുള്ള ഒരു അണുബാധ നിങ്ങളുടെ യോനിയിൽ സംഭവിച്ചിട്ടുണ്ട്” എന്നുള്ള അയാളുടെ വെളിപ്പെടുത്തൽ കൂടി കഴിയുമ്പോൾ, പിന്നീടങ്ങോട്ടുള്ള അയാളുടെ നിർദേശങ്ങൾ ഹിപ്‌നോട്ടൈസ് ചെയ്യപ്പെട്ട മട്ടിലാണ് ഇയാളുടെ തട്ടിപ്പിനിരയാവുന്ന യുവതികളിൽ പലരും അനുസരിച്ചു പോവുന്നത്.
ഒരിക്കൽ പറയുന്ന കാര്യങ്ങൾ അനുസരിച്ചു തുടങ്ങിയാൽ പിന്നീട് അയാൾ അവരെ നിർബന്ധിക്കുക അടുത്ത ലെവൽ ആയ ഓൺലൈൻ സൂം കാൾ കൺസൾട്ടേഷൻ നടത്താൻ വേണ്ടിയാണ്. ഈ ഘട്ടത്തിലാണ് ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇയാൾ അവരുടെ സ്വകാര്യഭാഗം, യോനീപ്രദേശം, കൂടുതൽ പരിശോധനകൾക്കു വേണ്ടി വെളിപ്പെടുത്താൻ പറയുക.
വിളിച്ച സ്ത്രീ ഇങ്ങനെ സ്വകാര്യ ഭാഗം വിഡിയോകോളിലൂടെ പ്രദർശിപ്പിച്ചു കഴിയുന്നതോടെ ഈ ക്രിമിനലിനു ചാരിതാർഥ്യം ലഭിക്കുകയും അയാൾ അടുത്ത ഇരയെ തേടി ഇറങ്ങുകയുമാണ് സ്ഥിരമായി നടക്കുന്നത്. ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനൂറിൽ അധികം സ്ത്രീകളെയാണ് ഈ വ്യക്തി വഞ്ചിച്ചിട്ടുള്ളത് എന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടില്ല വിവരം.
സാലെന്തോ സ്വദേശിയായ ഒരു യുവതി, ഗൈനക്കോളജിസ്റ്റ് എന്നവകാശപ്പെട്ടുകൊണ്ട് ഫോണിൽ വിളിച്ച്, വീഡിയോ കോളിലൂടെ സ്വകാര്യഭാഗങ്ങൾ വെളിപ്പെടുത്താൻ നിർബന്ധിക്കുന്ന ഞരമ്പുരോഗിയെ പറ്റി തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതോടെയാണ് സംഗതികൾ ആദ്യമായി പരസ്യമാവുന്നത്. പ്രസ്തുത വ്യക്തിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഈ യുവതി സൂം കോളിൽ സ്വകാര്യ ഭാഗം വെളിപ്പെടുത്താൻ തുടങ്ങി അവസാന നിമിഷം കോൾ കട്ട് ചെയ്ത് പിന്മാറുകയാണുണ്ടായത്.
എന്നാൽ, ഈ യുവതിക്ക് വൈകിയെങ്കിലും ഉദിച്ച വിവേകം മറ്റു പലർക്കും ഉണ്ടായില്ല. അവരുടെ എല്ലാം സ്വകാര്യ ഭാഗങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോകൾ ഇയാൾ റെക്കോർഡ് ചെയ്ത് ‘ട്രോഫി വീഡിയോ’കളായി സൂക്ഷിക്കുകയും ചെയ്തു. ആദ്യത്തെ വെളിപ്പെടുത്തലിനു ശേഷം ഉണ്ടായത്, സമാനമായ പരാതികളുടെ ഒരു വൻപ്രവാഹമാണ്. ഇതിനെത്തുടർന്ന് ഈ ഈ നാല്പതുകാരന്റെ വീട് പരിശോധിച്ച പോലീസ് നിരവധി സ്മാർട്ട് ഫോണുകളും, സിം കാർഡുകളും അവിടെ നിന്ന് കണ്ടെടുക്കുകയുമുണ്ടായി. ഈ കേസിൽ തുടരന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
മെഡിക്കൽ രംഗത്ത് ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കേണ്ട ഒന്നാണ് രോഗികളുടെ പരിശോധനാ വിവരങ്ങൾ . എന്തെങ്കിലും വയ്യായ്ക തോന്നുമ്പോൾ ഉടൻ തന്നെ ആശുപത്രിയിലേക്ക് ഓടിച്ചെല്ലുന്ന, അവിടെ ഡോക്ടർ നിർദേശിക്കുന്ന പരിശോധനകൾ എല്ലാം ഉടനടി നടത്താൻ തയ്യാറാവുന്ന പലരും തിരിച്ചറിയാതെ പോവുന്ന ഒരു വസ്തുത, ഈ പരിശോധനകൾക്കു വേണ്ടി അവർ നൽകുന്ന സ്വകാര്യവിവരങ്ങൾ വലിയ തോതിൽ ദുരുപയോഗങ്ങൾക്ക് സാധ്യതയുള്ളവയാണ് എന്നാണ്.