തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ നാല് പേർ അറസ്റ്റിൽ. ബോംബെറിഞ്ഞത് അക്ഷയ് ആണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. വരന്റെ സുഹൃത്തായ യുവാവാണ് ബോംബേറില്‍ കൊല്ലപ്പെട്ടത്.
ഏച്ചൂര്‍ സ്വദേശി അക്ഷയിനെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കൊലപാതകം, സ്‌ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നാല് പേരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോംബുണ്ടാക്കിയ ആള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്.
സികെ റുജുല്‍, സനീഷ്, പി അക്ഷയ്, ജിജില്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും, മിഥുനും ബോംബിനെ കുറിച്ച് അറിയാമായിരുന്നു. ഏറുപടക്കം വാങ്ങി സ്‌ഫോടകവസ്തുക്കള്‍ ചേര്‍ത്താണ് നാടന്‍ ബോംബുണ്ടാക്കിയത്.
കഴിഞ്ഞ ദിവസം രാത്രി വിവാഹവീട്ടില്‍ തര്‍ക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ ബാക്കിയാണ് വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ ബോംബെറെന്നാണ് പോലീസ് പറയുന്നത്.
മിഥുന്‍ അടക്കം നാല് പേര്‍ക്കും ബോംബാക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. തോട്ടടയിലുള്ളവര്‍ക്ക് നേരെ എറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്നാണ് മൊഴി.
അതേസമയം ഇനിയും പിടികിട്ടാനുള്ളവര്‍ ജില്ല വിട്ട് പോകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ബോംബെറിഞ്ഞ ഏച്ചൂര്‍ സംഘമെത്തിയ ടെംപോ ട്രാവലറിനായും പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമി സംഘം എറിഞ്ഞ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയ്ക്കാണ് വീണത്. ആദ്യമെറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല.
ഉഗ്രശക്തിയുള്ള ബോംബാണെന്ന് ദൃക്‌സാക്ഷി പറയുന്നു. വാനിലെത്തിയ സംഘം എറിഞ്ഞ ബോംബ് വീണ് ജിഷ്ണുവിന്റെ തല പൊട്ടിച്ചിതറി. സമീപത്തെ വീടുകളിലേക്ക് വരെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെറിച്ചു.
നാട്ടുകാര്‍ ഓടിയെത്തിയതോടെ വണ്ടി തിരിക്കെടാ എന്ന് അലറി പത്ത് പേര്‍ അടങ്ങുന്ന സംഘം വാനില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കല്യാണം കഴിഞ്ഞ് വരനും വധുവും വീട്ടിലെത്തുന്നതിനിടെയും സംഘര്‍ഷമുണ്ടായിരുന്നു.
ഇതിനിടെയാണ് വാനിലെത്തിയ സംഘം ബോംബ് എറിഞ്ഞത്. ജിഷ്ണുവിന്റെ സംഘാംഗം തന്നെയാണ് ബോംബ് എറിഞ്ഞത്. സംഗീത പരിപാടിക്കിടെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവിടെ തര്‍ക്കം ഉടലെടുത്തത്. ഇതാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് മാറിയത്.