ഡബ്ലിന്‍: ഐറിഷ് പാസ്പോര്‍ട്ടിന് പുതിയ ഡിസൈന്‍ എങ്ങനെ വേണമെന്നുള്ള വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടി സര്‍ക്കാര്‍. പുതിയ പാസ്പോര്‍ട്ട് ഡിസൈന്‍ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം തേടുന്ന ഈ സര്‍വേ ഏകദേശം 5 മിനിറ്റിനുള്ളില്‍ പൂര്‍ത്തീകരിക്കാവുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. നിലവിലെ ഐറിഷ് പാസ്പോര്‍ട്ടിന്റെ ഡിസൈന്‍ 10 വര്‍ഷം പഴക്കമുള്ളതാണ്. പുതിയ രീതിയിലുള്ള പാസ്‌പോര്‍ട്ട് 2025 ആകുമ്പോഴേക്കും ജനങ്ങള്‍ക്ക് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പാസ്‌പോര്‍ട്ട് സംബന്ധമായ സര്‍വേയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ അറിയിക്കുവാന്‍ https://www.gov.ie/en/consultation/e28e8-passport-design-public-survey/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.അയര്‍ലന്‍ഡിന്റെ ജൈവ വൈവിധ്യത്തെ പാസ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കേണ്ടത് എത്തരത്തില്‍ ആയിരിക്കണമെന്ന അഭിപ്രായം അറിയിക്കുവാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
അയര്‍ലന്‍ഡിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള രേഖയാണ് പാസ്പോര്‍ട്ടെന്നും ഹെന്‍ലെ ഗ്ലോബല്‍ പാസ്‌പോര്‍ട്ട് സൂചികയില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ഐറിഷ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 189 രാജ്യങ്ങളിലേക്ക് വീസ കൂടാതെ പ്രവേശിക്കാമെന്നും മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. അയര്‍ലന്‍ഡിന്റെ പാസ്പോര്‍ട്ട് സുരക്ഷയും ഗുണനിലവാരവും ഉറപ്പ് വരുത്തിയാണ് ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്നും മീഹോള്‍ മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.