കുവൈത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ ഞായറാഴ്ച മുതല്‍ നൂറു ശതമാനം ഹാജര്‍ നിലയില്‍ പ്രവര്‍ത്തിക്കും. കോവിഡിനു ശേഷം ആദ്യമായാണ് സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് രാജ്യത്തെ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ നൂറുശതമാനം ഹാജര്നിലയിലേക്ക് തിരികെ എത്തുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് മാര്‍ച്ച് 13 മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഇതനുസരിച്ച് രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും കോവിഡിന് മുമ്ബുണ്ടായിരുന്നതു പോലെ പ്രവര്‍ത്തിച്ചുതുടങ്ങും. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന മുഴുവന്‍ നിയന്ത്രണങ്ങളും ഇതോടെ ഇല്ലാതാകും.
പ്രത്യേകം നിര്‍ണയിക്കപ്പെട്ട അവധി ദിനങ്ങളിലല്ലാതെ ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതിരിക്കരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് സര്‍ക്കാര്‍ ഓഫിസുകളുടെ ഹാജര്‍ നില അമ്ബതു ശതമാനമാക്കി കുറച്ചത്. പിന്നീട് ഇത് 70 ശതമാനമാക്കി ഉയര്‍ത്തി.