നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍. കൂടാതെ കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങളെല്ലാം മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു.
സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് കോടതിയോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകള്‍ ഇല്ലാതാക്കാനാണ് ഇപ്പോള്‍ തുടരന്വേഷണം. എന്നാല്‍, തുടരന്വേഷണതിന്റെ മറവില്‍ തനിക്കെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമമെന്നും ദിലീപ് ആരോപിച്ചു.
തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.
കൂടാതെ ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന കാര്യവും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സത്യം പുറത്തു വരാനായി തുടരന്വേഷണം അനിവാര്യമാണെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന നടിയും കോടതിയെ അറിയിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മാര്‍ച്ച് ഒന്നിനകം പൂര്‍ത്തിയാക്കിയേ തീരൂവെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ മാത്രം എന്താണിത്ര പ്രത്യേകത എന്നും, ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണിത്ര അന്വേഷിക്കാനെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
രണ്ട് മാസം അന്വേഷണത്തിനായി നല്‍കിയില്ലേ എന്നും ഈ ഒരു വിഷയത്തില്‍ മാത്രം അന്വേഷണം കേന്ദ്രീകരിക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാല്‍ മാര്‍ച്ച് 1-നകം അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് തടസ്സമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
പ്രതിക്ക് തനിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് പറയാനാകില്ലെന്ന് ആക്രമിക്കപ്പെട്ട നടിയും വാദിച്ചു. നേരത്തേയും കേസില്‍ തുടരന്വേഷണം മാര്‍ച്ച് 1-ന് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ അത് പ്രയാസമായിരിക്കുമെന്നും ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ഒരു വിഷയത്തില്‍ മാത്രം അന്വേഷണം കേന്ദ്രീകരിക്കണം, അങ്ങനെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇത് വരെ നാല്‍പ്പത് പേരുടെ മൊഴി എടുത്തുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിലെ തുടരന്വേഷണം തടയരുത് എന്ന് ഹൈക്കോടതിയില്‍ നടി ആവശ്യപ്പെട്ടു. കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയത് പ്രതിയുടെ അടുത്ത സുഹൃത്താണെന്നും ബാംഗ്ലൂരില്‍ നില്‍ക്കുമ്പോഴാണ് താനീ വെളിപ്പെടുത്തല്‍ ടിവിയിലൂടെ കണ്ടതെന്നും നടി പറഞ്ഞു.
കുറ്റപത്രം നല്‍കിയാലും തുടരന്വേഷണം നടത്താന്‍ പൊലീസിന് അധികാരം ഉണ്ട്. ഇരയെന്ന നിലയില്‍ കേസിലെ എല്ലാ പ്രതികളെയും വെളിച്ചത്ത് കൊണ്ടുവരണം എന്ന് തനിക്ക് താത്പര്യമുണ്ടെന്നും പ്രതിക്ക് സ്വയം തനിക്കെതിരെ തുടരന്വേഷണം വേണ്ട എന്ന് പറയാനാകില്ലെന്നും നടി വാദിച്ചു.