കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ.
അന്വേഷണവുമായി സഹകരിക്കണമെന്നതാണ് കോടതിയുടെ പ്രധാന നിർദ്ദേശം. അന്വേഷണവുമായി സഹകരിക്കാത്ത പക്ഷം പ്രോസിക്യൂഷന് അറസ്റ്റ് നടപടികള്‍ക്കു വേണ്ടി കോടതിയെ സമീപിക്കാനാകും.
സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും പ്രതികള്‍ ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാത്രമല്ല, പ്രതികള്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും വേണം.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍, ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.