ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവച്ചതോടെ കേരളത്തിൽ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. മുഖ്യമന്ത്രിക്ക് ഇനി പേടിക്കേണ്ടതില്ലെന്നും വിഡി സതീശൻ പറഞ്ഞു. അഴിമതിക്ക് വെള്ളവും വളവും കൊടുത്ത മുഖ്യമന്ത്രിയായി പിണറായി മാറി എന്നും വിഡി സതീശൻ ആരോപിച്ചു.
നടന്നത് ഒത്തുതീര്‍പ്പാണ്, ഗവര്‍ണറും മുഖ്യമന്ത്രിയും കൂടി നിയമസഭയെ അവഹേളിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയുമായുള്ള സൗന്ദര്യപ്പിണക്കം ഇടനിലക്കാര്‍ വഴി തീര്‍ത്തു എന്നും അദ്ദേഹം ആരോപിച്ചു. ലോകായുക്ത ഇനി കുരയ്ക്കും, കടിക്കില്ലെന്ന് ഉറപ്പു വരുത്തിയെന്നും വി.ഡി.സതീശന്‍ പരിഹസിച്ചു.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതിനു പിന്നാലെയാണ് വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എത്തിയത്. ഓര്‍ഡിനന്‍സ് കേരളത്തില്‍ വ്യാപകമായി അഴിമതി നടത്തുന്നതിനുള്ള പ്രോത്സാഹനവും പച്ചക്കൊടിയുമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകായുക്തയില്‍ പെന്‍ഡിങ് ആയിരിക്കുന്ന കേസിനെ കുറിച്ച് മുഖ്യമന്ത്രിക്ക് ഇനി ഭയപ്പെടേണ്ട ആവശ്യമില്ല. കാരണം ലോകായുക്ത കുരയ്ക്കുക മാത്രമേയുള്ളൂ കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുവരുത്തി. പിണറായി വിജയന്‍ ഇനി മുതല്‍ ചരിത്രത്തില്‍ അറിയപ്പെടാന്‍ പോകുന്നത് കേരളത്തിലെ അഴിമതി വിരുദ്ധസംവിധാനം തീര്‍ത്തും ഇല്ലാതാക്കി, കേരളത്തില്‍ അഴിമതിക്ക് വെള്ളവും വളവും കൊടുത്ത മുഖ്യമന്ത്രി എന്ന നിലയ്ക്കായിരിക്കും എന്നും സതീശന്‍ പരിഹസിച്ചു.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുമെന്ന് പ്രതിപക്ഷത്തിന് നേരത്തെ തന്നെ അറിയാമായിരുന്നു. അതുകൊണ്ടാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ളത് കേവലം സൗന്ദര്യപ്പിണക്കമാണെന്ന് താന്‍ നേരത്തെ പറഞ്ഞത്. സൗന്ദര്യപ്പിണക്കങ്ങള്‍ പരിഹരിക്കാനുള്ള ഇടനിലക്കാര്‍ കേരളത്തിലുണ്ടെന്നും പ്രതിപക്ഷം സൂചിപ്പിച്ചിരുന്നെന്നും സതീശന്‍ പറഞ്ഞു.