കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ഇന്ന് നിർണായക വിധി. വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലെ ഹൈക്കോടതി വിധിയാണ് ഇന്ന് വരുന്നത്.
എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളിയതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗതാണ് ഈ ഹർജി പരിഗണിക്കുന്നത്.
സാക്ഷികളെ വീണ്ടും വിസ്താരിക്കുന്നതിന് മതിയായ കാരണം വേണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷൻ വീഴ്ച്ചകൾ മറികടക്കാനാകരുത് വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നതെന്നും വാദത്തിനിടെ സർക്കാരിനെ സിംഗിൾ ബഞ്ച് ഓർമ്മിപ്പിച്ചു.
മാസങ്ങൾക്ക് ശേഷമാണ് പ്രോസിക്യൂഷൻ വീണ്ടും വിസ്താരം ആവശ്യപ്പെടുന്നത്. അതിനാൽ തന്നെ കോടതി സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്. കേസിന് അനുകൂലമായി സാക്ഷിമൊഴികൾ ഉണ്ടാക്കിയെടുക്കാനുള്ള പ്രോസിക്യൂഷന്റെ പുതിയ നീക്കമാണോ ഇതെന്ന് ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു.
ഇതിനിടെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യ ഹർജി മറ്റൊരു സിംഗിൾ ബഞ്ച് നാളെ പരിഗണിക്കും. ചൊവ്വാഴ്ച വരെ ഈ കേസിൽ ദിലീപിന്റെ അറസ്റ്റ് ഉണ്ടാകില്ലെന്ന് കോടതിയിൽ പോലീസ് അറിയിച്ചിട്ടുണ്ട്.