കൊച്ചി: നടന്‍ ദിലിപ് അടക്കം ഉള്‍പ്പെട്ടിട്ടുള്ള നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റു പ്രതികളേയും അറസ്റ്റ് ചെയ്യുന്നതിന് വിലക്കുണ്ട്.
പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാന്‍ അനുവദിച്ച ശേഷം കേസ് ഇന്ന് കോടതി പരിഗണിക്കാനിരുന്നതാണ്. എന്നാല്‍ പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടര്‍ന്നാണ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ചില തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നതടക്കം പ്രോസിക്യൂഷന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. പൊലീസിന് പണി കൊടുത്ത് കൊണ്ട് ഫോൺ മാറ്റിയ ദിലീപിന്റെ നീക്കവും കേസ് പരിഗണിക്കുന്നത് മാറ്റി വയ്പ്പിക്കാൻ പ്രോസിക്യൂഷനെ പ്രേരിപ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറാമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെയായിരുന്നു ദിലീപിന് അന്വേഷണ സംഘം ചോദ്യം ചെയ്തത്. വ്യാഴാഴ്ച വരെ അറസ്റ്റിനും വിലക്കുണ്ടായിരുന്നു.
അവസാനദിനമായ ചൊവ്വാഴ്ച വീഡിയോ തെളിവുകളടക്കം ഉപയോഗിച്ചുള്ള ചോദ്യംചെയ്യലാണു നടന്നത്. രണ്ടുദിവസങ്ങളിലായി ചോദ്യംചെയ്തതിലൂടെ ലഭിച്ച മൊഴിയിലെ പൊരുത്തക്കേടുകള്‍ ചേര്‍ത്തുള്ള ചോദ്യങ്ങളും ചോദിച്ചു. മൂന്നാംദിനവും കുറ്റംചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിലീപ്.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കാര്യങ്ങളില്‍ ദിലീപ് ഉറച്ചുനിൽക്കുകയാണ്. പല തെളിവുകളും ദിലീപിനുമുന്നില്‍ അന്വേഷണസംഘം നിരത്തിയെങ്കിലും ഇതെല്ലാം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് പറയുന്നത്.
അവസാനദിനത്തിലെ ചോദ്യംചെയ്യലിന് നേതൃത്വം നല്‍കാന്‍ ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തും എത്തിയിരുന്നു. ഇതുവരെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വിശകലനംചെയ്തു.
കേസില്‍ പോലീസിനെ വെട്ടിലാക്കാക്കിയ ദിലീപിന്റെ നീക്കം തന്നെയാണ് പ്രോസിക്യൂഷന്റെ പിന്മാറ്റത്തിന്റെ പിന്നിൽ. കേസിലെ നിർണായക തെളിവായ ഫോൺ പൊലീസിന് നൽകാതെ ദിലീപ് അഭിഭാഷകരുടെ കൈയിൽ നൽകിയിരുന്നു.
ഇപ്പോൾ അഭിഭാഷകരെ ഉപയോഗിച്ചുള്ള നീക്കങ്ങളാണ് ദിലീപ് നടത്തുന്നത്. ദിലീപിന്റെയും അനൂപിന്റെയും ഫോണുകളില്‍ നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്ന വിലയിരുത്തലാണ് അന്വേഷണ സംഘത്തിനുള്ളത്.
ദിലീപ് എന്തിനാണ് ഫോണ്‍ മാറ്റിയതെന്ന ചോദ്യവും പ്രസക്തമാകുകയാണ്. എന്താണ് പഴയ ഫോണുകളില്‍ ഉള്ളതെന്നതും ഇതോടെ സംശയാസ്പദമായിരിക്കുകയാണ്.
പ്രതികള്‍ ഫോണ്‍ ഒളിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഫോണിലെ രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ഫോണ്‍ അഭിഭാഷകര്‍ക്ക് കൈമാറിയ കാര്യം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കാൻ ഇരുന്നതാണ്.