മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം.ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ പൊന്നിൻ തിരുവോണത്തെ വരവേൽക്കുകയാണ്. കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമില്ല.
ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികൾ ഓണദിനം ആഘോഷിക്കുന്നത്. പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും കൂടിച്ചേരലും എല്ലാമായി നിറഞ്ഞ സന്തോഷത്തിന്റെ ഓണമാണ് ഇത്തവണയും. അല്ലലില്ലാതെ, ഐക്യത്തോടെ കഴിഞ്ഞ നാളുകളുടെ നല്ല ഓർമയിൽ, മഹാബലിയെ വരവേൽക്കുന്ന ദിവസത്തിൽ ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക ആഘോഷ പരിപാടികൾ ഇല്ലെങ്കിലും തിരുവോണത്തിന്റെ പകിട്ടിന് മങ്ങലേല്പിച്ചിട്ടില്ല. ഒന്നിനുപിറകെ ഒന്നായി വന്ന ദുരന്തങ്ങളിൽ നിന്നും ഐക്യത്തോടെ കരകയറിയ മലയാളിക്ക് ഇത് മറ്റൊരു അതിജീവനത്തിന്റെ തിരുവോണം കൂടിയാണ്.
മാലോകരെല്ലാം സമന്മാരായിരുന്ന മഹാബലിയുടെ സുവര്‍ണ്ണ കാലത്തെ ഹൃദയത്തോട് ചേര്‍ത്താണ് ഓരോ മലയാളിയും പൊന്നോണത്തെ വരവേല്‍ക്കുന്നത്. കള്ളവും ചതിയുമില്ലാതെ ഒരു കാലത്തിന്റെ ഓര്‍മ പുതുക്കുന്ന ദിനം. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്, കുടുംബാംഗങ്ങള്‍ ഒത്തുചേർന്ന് ഓണസദ്യ കഴിച്ചും പൂക്കളമിട്ടും ഓണക്കളികൾക്ക് ചുവടുവച്ചും മലയാളി ഈ ദിനത്തിന്‍റെ നിറസ്മരണകളും സന്തോഷവും പങ്കുവെയ്‌ക്കും.
പാടത്തും പറമ്പിലും സ്വര്‍ണ്ണം വിളയിക്കുന്ന കര്‍ഷകര്‍ക്ക് ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. കൃഷിയും കാര്‍ഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറവില്ല. ലോകത്തിന്‍റെ ഏതറ്റത്തുമുള്ള മലയാളിയ്‌ക്കും ഓണം എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മ തന്നെയാണ്. അത്തം നാളില്‍ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂര്‍ണതയിലെത്തുന്നത്. ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിന്റെ പ്രിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ.