ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടന നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശം. കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇത് സംബന്ധിച്ച്
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നിര്‍ദേശം നല്‍കി.
എം പിമാരുടെ പരാതിയെ തുടര്‍ന്നാണ് പുന:സംഘടന നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടത്. പുന:സംഘടന ചര്‍ച്ചകളില്‍ എം പിമാരെ ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു ഇവരുടെ പരാതി.
പാര്‍ട്ടി പുന:സംഘടനക്കെതിരെ നേരത്തെ എ ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി പുന:സംഘടന വേണ്ടെന്ന് കെപിസിസി യോഗത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ ശക്തമായ നിലപാടെടുത്തിരുന്നു. ഇത് സുധാകരനും ഗ്രൂപ്പുനേതാക്കളും തമ്മിലുള്ള ശക്തമായ വാക്‌പോരിന് അന്ന് വഴി വച്ചിരുന്നു.
എന്നാല്‍ കെ പി സി സി പുന:സംഘടനയുമായി മുന്നോട്ട് പോകുമെന്നും അതിന് ഹൈക്കമാണ്ട് അനുമതി ഉണ്ടെന്നുമുള്ള നിലപാടിലായിരുന്നു കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ഇതനുസരിച്ചുള്ള നടപടികള്‍ പുരോഗമിക്കവെയാണ് ചര്‍ച്ചകളില്‍ സഹകരിപ്പിച്ചില്ലെന്ന പരാതിയുമായി എം പിമാര്‍ ഹൈക്കമാണ്ടിനെ സമീപിച്ചത്. അതേസമയം സംഘടനാ തെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കുമെന്ന നിലപാടില്‍ ആണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്.