ലോക വനിതാ ദിനമായ ഇന്ന് കേരള ഹൈക്കോടതിയുടെ മൂന്നു വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ച് സിറ്റിംഗ് നടത്തും.ചരിത്രത്തിലാദ്യമായാണ് വനിത ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് ഹൈക്കോടതിയില്‍ സിറ്റിംഗ് നടത്തുന്നത്. ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം ആര്‍ അനിത, ജസ്റ്റിസ് വി ഷെര്‍സി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് സിറ്റിംഗ്.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ലെന്ന, ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ബെഞ്ച് പരിഗണിക്കുന്നത്.
നേരത്തെ ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം ആര്‍ അനിത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ ഹര്‍ജി പരിഗണിച്ചിരുന്നത്. ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതോടെയാണ് ജസ്റ്റിസ് വി ഷെര്‍സിയെ ഫുള്‍ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്നാണ് വനിതാദിനമായ ഇന്ന് വനിത ജഡ്ജിമാര്‍ മാത്രമടങ്ങിയ ഫുള്‍ബെഞ്ച് ആദ്യമായി സിറ്റിംഗ് നടത്താനൊരുങ്ങുന്നത്.