നന്ദിഹില്‍സില്‍ ട്രെക്കിങ്ങിനിടെ 19 കാരൻ കാല്‍വഴുതിവീണ് പാറയിടുക്കില്‍ കുടുങ്ങി. അപകടത്തിൽപ്പെട്ട എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ ഡല്‍ഹി സ്വദേശി നിഷാങ്കിനെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്.
300 അടി താഴ്ചയിലാണ് യുവാവ് കുടുങ്ങിയത്. ഞായറാഴ്ച രാവിലെയാണ് യുവാവ് ട്രെക്കിങ് ആരംഭിച്ചത്. ഇതിനിടെ കാല്‍ വഴുതിവീണു. യുവാവുതന്നെയാണ് പാറയിടുക്കില്‍ കുടുങ്ങിയ കാര്യം ഫോണില്‍ പോലീസിനെയും വീട്ടുകാരെയും അറിയിച്ചത്.
ഉടനെ ഡിവൈ.എസ്.പി. വാസുദേവിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. പിന്നീട് വ്യോമസേനയുടെ സഹായം തേടി. ഹെലികോപ്റ്ററില്‍നിന്ന് കയര്‍വഴി കമാന്‍ഡോ താഴെയെത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
പോലീസും സംസ്ഥാന, കേന്ദ്ര ദുരന്തനിവാരണ സേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ബെംഗളൂരു പി.ഇ.എസ്. സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ നിശാങ്കിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂമ്പാച്ചി മലയില്‍ ബാബു അപകടത്തിൽപ്പെട്ടതിന് സമാനമായ സംഭവമാണ് കര്‍ണാടകയിലെ നന്ദി ഹില്‍സിലും നടന്നത്. പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ചത്.